ദൈവത്താല്‍ അനുഗ്രഹീതമായ ഒന്നാണ് പ്രകൃതി. ഇതില്‍ യാതൊരു സംശയവുമില്ല പ്രകൃതിയുടെ സൗന്ദര്യം എന്ന് പറയുന്നത് പലപ്പോഴും നമ്മളെ വിസ്മയിപ്പിക്കുകയും കൗതുകം ഉണ്ടാക്കുകയും ചെയ്യുന്നതാണ്. പലതും പ്രകൃതി നമുക്കായി കരുതിവെക്കും അത്തരത്തില്‍ ഒന്നാണ് പിങ്ക് നിറത്തിലുള്ള തടാകവും. പലതരത്തിലുള്ള തടാകങ്ങള്‍ കണ്ടും അവയെക്കുറിച്ച് കേട്ടറിഞ്ഞും പോയിട്ടുണ്ടാവും എന്നാല്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തമാണ് സ്പെയിനിലെ ടോറെവിജ പിങ്ക് തടാകം.
കാഴ്ചയില്‍ ഏറ്റവും സുന്ദരവും ആകര്‍ഷകവുമാണ് ഈ പിങ്ക് തടാകം. കാഴ്ചക്കാര്‍ എല്ലാം ഒരു നിമിഷമെങ്കിലും കണ്ണെടുക്കാതെ നോക്കിനിന്നു പോകും ഈ തടാകത്തെ, അത്രയധികം മനോഹരമാണ് നീലാകാശത്തിനു താഴെയായി പരന്നു കിടക്കുന്ന ഈ പിങ്ക് തടാകം.കാഴ്ചക്കാരന്റെ മനസ്സും നിറയ്‌ക്കുന്ന പ്രകൃതി വിസ്മയ കാഴ്ചയായി മാറിയിരിക്കുകയാണ് ഇവിടം. മെയ് മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസമാണ് പിങ്ക് തടാകം ആസ്വദിക്കാന്‍ ഏറ്റവും ഉത്തമം. കാരണം ആ മാസങ്ങളില്‍ തടാകം കൂടുതല്‍ പിങ്ക് നിറത്തില്‍ വളരെയധികം സുന്ദരിയായി മാറും.
കൂടാതെ ഇതിലെ വെളളം ഉപ്പുവെളളമാണ്. സാധാരണയില്‍ നിന്നും വ്യത്യസ്തമായി ഈ തടാകത്തിന് പിങ്ക് നിറം വരാനുള്ള പ്രധാന കാരണം ഉപ്പു തടാകത്തിലെ ചില ബാക്ടീരിയകളും ആല്‍ഗകളുമാണ് . ലവണാംശം കൂടുതലായതിനാല്‍ പിങ്ക് തടാകത്തില്‍ ചാവു കടലിലേതു പോലെ പൊങ്ങിക്കിടക്കാം. കൂടാതെ ഈ പിങ്ക് തടാകത്തോട് ചേര്‍ന്ന് കാഴ്ചയില്‍ ഏറെ മനോഹരമായ ഒരു പച്ച തടാകമുണ്ട്. ഇതിലും ഉപ്പുവെളളമാണുളളത്. ഭൂമിയിലെ അതിശയിപ്പിക്കുന്ന കാഴ്ചകളില്‍ ഒന്നാണ് പിങ്ക് നിറത്തിലുള്ള ടോറെവിജ തടാകം. എന്നാല്‍ ഉപ്പ് ഖനനം നടക്കുന്നതിനാല്‍ സഞ്ചാരികള്‍ക്ക് തടാകത്തില്‍ ഇറങ്ങാന്‍ എപ്പോഴും അനുവാദമില്ല.















