വ്യത്യസ്ത തരത്തിലുള്ള നിരവധി പാമ്പുകള്‍ ഭൂമിയിലുണ്ട്. പലതും പലതരത്തില്‍ ഉളളവയായിരിക്കും. അത്തരത്തിലൊന്നാണ് തായ്ലാന്‍ഡിലെ കുക്രി എന്ന പേരില്‍ അറിയപ്പെടുന്ന പാമ്പുകള്‍. മറ്റുളള പാമ്പുകളില്‍ നിന്ന് ഇവ വ്യത്യസ്തമാകുന്നത് ഇവയുടെ ഭക്ഷണരീതി കൊണ്ടാണ്. സാധാരണ തവളയെ കണ്ടാല്‍ പാമ്പ് വെറുതെ വിടാറില്ല. ഉടനെ തന്നെ അകത്താക്കും. എന്നാല്‍ കുക്രി വിഭാഗത്തില്‍ പെടുന്ന പാമ്പുകള്‍ തവളയെ ഭക്ഷിക്കുന്നത് വ്യത്യസ്തമായ ഒരു രീതിയിലാണ്. തവളകളെ ജീവനോടെ തന്നെ തുരന്ന് അവരുടെ ആന്തരാവയവങ്ങള്‍ ഭക്ഷിക്കുകയാണ് അവ ചെയ്യുന്നത്. തായ്വാനി കുക്രി സ്നേക്ക്, ഓസിലേറ്റഡ് കുക്രി സ്നേക്ക്, സ്മോള്‍ ബ്രാന്‍ഡഡ് കുക്രി സ്നേക്ക് എന്നിങ്ങനെ മൂന്നു വിഭാഗത്തില്‍ പെടുന്ന കുക്രി പാമ്പുകളിലാണ് ഈ പൊതുസ്വഭാവം ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്.
ഇവ മൂന്നും ഇരകളെ ജീവനോടെ തുരന്ന് അവരുടെ ആന്തരാവയവങ്ങള്‍ ഭക്ഷിക്കുന്നു. ഹെര്‍പ്പറ്റോളജിസ്റ്റായ ഹെന്റിക് ബ്രിങ്സോയും സംഘവുമാണ് പാമ്പുകളുടെ ഈ നൂതനമായ സ്വഭാവ രീതിയെ കുറിച്ചുള്ള പഠനം നടത്തിയത്. വ്യത്യസ്തമായ നിരവധി തരത്തിലുള്ള പാമ്പുകള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലായി ഉണ്ടെങ്കിലും അവയൊന്നും തന്നെ ഇത്ര ക്രൂരമായി ഇരയെ ഭക്ഷിക്കാറില്ല എന്നാണ് ഗവേഷണ സംഘം പറയുന്നത്. എന്നാല്‍ ഈ പാമ്പുകള്‍ മനുഷ്യര്‍ക്ക് ഒരുതരത്തിലുള്ള ഉപദ്രവവും ഉണ്ടാക്കുന്നില്ല.
തവളയെ പിടി കൂടി കഴിഞ്ഞാല്‍ ജീവനോടെ അവയുടെ മേല്‍ത്താടിയിലെ കത്തി പോലുള്ള പല്ലുകള്‍ ഉപയോഗിച്ച് തവളയുടെ വയറിന്റ കീഴ്ഭാഗത്ത് കുത്തി കീറും പിന്നീട് ആന്തരാവയവങ്ങള്‍ ഓരോന്നായി ഭക്ഷിക്കാന്‍ തുടങ്ങും.വളരെ സമയമെടുത്താണ് ഇവ ഇരയെ ഭക്ഷിക്കുന്നത്. ഈ സമയത്ത് അവയ്ക്ക് ജീവന് ഉണ്ടായിരിക്കും എന്നത് ദയനീയമാണ്. നേപ്പാളി ഗൂര്‍ഖകളുടെ പരമ്പരാഗത ആയുധമായ മൂര്‍ച്ചയേറിയ കത്തിക്ക് പ്രാദേശികമായി പറയുന്ന പേരാണ് കുക്രി. ആ കത്തിയുടെ മൂര്‍ച്ച പോലുള്ള പല്ലുകള്‍ ആയതിനാലാണ് ഈ പാമ്പുകളെ കുക്രി പാമ്പുകള്‍ എന്ന് പറയുന്നത്.
Comments