പ്രകൃതി സുന്ദരമായ നിരവധി സ്ഥലങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തില്‍ ഒന്നാണ് മാലൂര്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ചിത്രപീഠവും അതിനോട് ചേര്‍ന്നുള്ള വറ്റാത്ത നീരുറവയും. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ പട്ടണത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ചരിത്ര പ്രാധാന്യമുള്ള മലനിരയാണ് പുരളിമല. 15 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ മാലൂര്‍, തില്ലങ്കേരി, പേരാവൂര്‍, മുഴക്കുന്ന് എന്നീ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ മലനിര പലതരം വൃക്ഷങ്ങളാലും സസ്യലദാതികളാലും കൊച്ചരുവികളാലും സമ്പന്നമാണ്. മലനിരയുടെ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്നത് മാലൂര്‍ പഞ്ചായത്തിലാണ്.
പുരളിമലയുടെ ഒരു ഭാഗമാണ് ചിത്രപീഠം എന്നറിയപ്പെടുന്ന ഇവിടം. വളരെ സുന്ദരവും അതിനോടൊപ്പം തന്നെ മാനസിക ഉല്ലാസം നല്‍കുന്നതുമായ ഒരു അന്തരീക്ഷമാണ് ഇവിടെ നിന്നും ലഭിക്കുന്നത്. നിരവധി ആളുകളാണ് ദിവസം തോറും ഇവിടേക്ക് എത്തുന്നത്. വ്യത്യസ്തവും കാഴ്ചയില്‍ കൗതുകകരമായ ഒന്നുണ്ട് ചിത്രപീഠത്തിനടുത്തായി. നാലുവര്‍ഷമായി നിര്‍ത്താതെ ഒഴുകികൊണ്ടിരിക്കുന്ന ഒരു നീരുറവ. ചിത്രപീഠത്തിനു അടുത്തുള്ള ഒരു വീട്ടിലാണ് ഈ അപൂര്‍വ്വ കാഴ്ചയുള്ളത്. 2016 ഏപ്രില്‍ 29 നാണ് കുടിവെള്ളത്തിന്റെ ബുദ്ധിമുട്ട് കാരണം 140 അടിയോളം താഴ്ചയില്‍ ഒരു കുഴല്‍ കിണർ കുഴിച്ചത്.
എന്നാല്‍ 140 അടി എത്തി കഴിഞ്ഞപ്പോള്‍ വെള്ളം പൈപ്പ് വഴി പുറത്തോട്ടു ഒഴുകാന്‍ തുടങ്ങി. നാലു വര്‍ഷമായി തടസ്സമില്ലാതെ ഇത് ഒഴുകിക്കൊണ്ടിരിക്കുന്നു. പ്രകൃതി അനുഗ്രഹിച്ചു നല്‍കിയതാണ് ഈ നീരുറവ എന്നാണ് പ്രദേശവാസികള്‍ വിശ്വസിക്കുന്നത്. കാരണം കുടിവെള്ളത്തിന് ബുദ്ധിമുട്ടായിരുന്നു പ്രദേശത്ത്. ഇപ്പോള്‍ വെളളത്തിന് ക്ഷാമമില്ല. നല്ല ശുദ്ധമായ വെള്ളം തുടര്‍ച്ചയായി ഒഴുകിക്കൊണ്ടിരിക്കുകയാണ്. നിരവധി വീടുകളിലേക്ക് ഇതില്‍ നിന്നും വെളളം നല്കി വരുന്നു. ഭൗമശാസ്ത്രജ്ഞന്മാര് വന്ന് ഇതുമായി ബന്ധപ്പെട്ട് വിശദമായ പഠനം നടത്തിയിട്ടുണ്ട്. വരുന്നവര്‍ക്ക് കാണാന്‍ കാണാന്‍ കഴിയുന്ന രീതിയില്‍ തന്നെയാണ് വീട്ടുകാര്‍ ഇവിടം സജ്ജീകരിച്ചിട്ടുള്ളത്.
Comments