ഹൈന്ദവ ക്ഷേത്രങ്ങളില്‍ പ്രധാനമായും കണ്ടു വരുന്ന ഒരു വഴിപാടാണ് തുലാഭാരം. ഭാരത്തിന് അനുസരിച്ചുള്ള ഒരു ദ്രവ്യം വഴിപാടായി സമര്‍പ്പിക്കുന്നതാണ് തുലാഭാരം. ശര്‍ക്കര, നെയ്യ്, പഴം താമരമൊട്ട് , പഞ്ചസാര തുടങ്ങി പല വിധ ദ്രവ്യങ്ങള്‍ തുലാഭാരത്തിനായി ഉപയോഗിക്കാറുണ്ട്. ശ്രീകൃഷ്ണന് ഏറ്റവും പ്രിയപ്പെട്ട വഴിപാടാണ് തുലാഭാരം. അതിനു പിന്നില്‍ ഒരു ഐതിഹ്യമുണ്ട്. ഭഗവാന്‍ ശ്രീകൃഷ്ണന്റെ ഭാര്യമാരായിരുന്നു രുക്മിണിയും സത്യഭാമയും. രുക്മിണി സര്‍വോപരി കൃഷ്ണ ഭക്തയും നല്ല മനസ്സിന് ഉടമയും ഒട്ടും അഹങ്കാരമില്ലാത്തവരും ആയിരുന്നു. എന്നാല്‍ സത്യഭാമ ധനികയായിരുന്നു. അതുകൊണ്ട് തന്നെ അതിന്റെ ഗര്‍വ്വ് സത്യഭാമയ്ക്ക് ഉണ്ടായിരുന്നു. അങ്ങിനെയിരിക്കെ ഒരു ദിവസം നാരദമഹര്‍ഷി ദ്വാരകയിലെത്തി. ആദ്യം കണ്ടത് സത്യഭാമയുടെ കൊട്ടാരമായിരുന്നു. സത്യഭാമയോട് കുശലാന്വേഷണം നടത്തികൊണ്ടിരിക്കെ അദ്ദേഹത്തിന്റെ സ്വഭാവം അവിടെയും പുറത്തെടുത്തു. ശ്രീകൃഷ്ണ ഭഗവാന് സത്യഭാമയെക്കാളും ഇഷ്ടം കൂടുതല്‍ രുക്മിണിയോടാണ് എന്ന് പൊതുവേ ഒരു സംസാരമുണ്ട്, അദ്ദേഹം പറഞ്ഞു.
എന്നെയാണ് ഭഗവാന്ന് കൂടുതല്‍ ഇഷ്ടമെന്ന് സത്യഭാമയും പറഞ്ഞു. അതൊന്നും എനിക്കറിയില്ല ഞാന്‍ പരക്കെയുള്ള സംസാരമാണ് പറഞ്ഞതെന്ന് നാരദനും.
കേട്ടപ്പോള്‍ സത്യഭാമക്ക് അങ്കലാപ്പായി അങ്ങനെയെങ്കില്‍ അതൊന്ന് മഹര്‍ഷിക്ക് തെളിയിക്കാമോ എന്ന സത്യഭാമ ചോദിച്ചു. അതൊന്നും പറ്റില്ല എന്നാല്‍ ഭഗവാന്‍ ശ്രീകൃഷ്ണന് ദേവിയോടുളള ഇഷ്ടം കൂടാനുള്ള ഒരു വഴി ഞാന്‍ പറഞ്ഞുതരാമെന്നായി നാരദൻ.
അടുത്ത ദിവസം തന്നെ ദേവി ഇവിടെ ഒരു പൂജ നടത്തണം പൂജയ്ക്ക് ഭഗവാനെ ക്ഷണിക്കുകയും വേണം. ആ സമയം പൂജയില്‍ ഞാനും പങ്കെടുക്കാനായി വരും അപ്പേള്‍ ദേവി എന്നോട് എന്താണ് ദാനമായി വേണ്ടത് എന്ന് ആരായണം. അപ്പോള്‍ എനിക്ക് ഭഗവനെയാണ് വേണ്ടത് എന്ന് ഞാന്‍ പറയും ആ സമയം ഭഗവാനെ എനിക്ക് വിട്ടുതരാന്‍ പറ്റുകയില്ല പകരം എന്താണ് വേണ്ടത് എന്ന് ദേവി ചോദിയ്ക്കണം അപ്പോള്‍ ഭഗവാന്റെ തൂക്കത്തിലുള്ള ധനം നല്‍കിയാല്‍ മതിയെന്ന് ഞാന്‍ പറയും ദേവിയുടെ പക്കല്‍ ഒരുപാട് ധനമുള്ളതു കൊണ്ട് ഒരു പ്രശ്‌നവുമില്ല – നാരദൻ വിശദീകരിച്ചു.
അങ്ങനെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി പൂജയ്ക്ക് ഭഗവാനും നാരദമഹര്‍ഷിയും എത്തി. മേല്‍പ്പറഞ്ഞ പോലെ തന്നെ നാരദന്‍ ഭഗവാനെ ദാനമായി ആവശ്യപ്പെട്ടു. ഭഗവാനെ നല്‍കാനാകില്ലെന്നും പകരം എന്തു വേണമെങ്കിലും നല്‍കാമെന്നും സത്യഭാമ മഹര്‍ഷിയോടു പറഞ്ഞു. നാരദൻ മതി മതി എന്ന് പറഞ്ഞു. എന്നാല്‍ ഭഗവാന്റെ അദ്ദേഹത്തിലുള്ള തൂക്കത്തിലുളള ധനം ആവശ്യപ്പെട്ടു.
അതുപ്രകാരം ഒരു ത്രാസ് കൊണ്ടുവന്ന് അതിന്റെ ഒരു തട്ടില്‍ ഭഗവാനെ ഇരുത്തി സത്യഭാമയുടെ കയ്യിലുള്ള ധനമെല്ലാം വെച്ചു എന്നിട്ടും ഭഗവാന്റെ തട്ട് താഴ്ന്നു തന്നെ ഇരുന്നു. വിഷമത്തിലായ സത്യഭാമ രുക്മിണിയുടെ അടുത്തെത്തി കാര്യം പറഞ്ഞു. അതു മനസ്സിലാക്കി അവിടെയെത്തിയ രുക്മിണി അവിടെ ഉണ്ടായിരുന്ന തുളസി ചെടിയില്‍ നിന്നും ഒരിലയെടുത്ത് തട്ടിനു മുകളില്‍ വെച്ചു. തട്ട് നീങ്ങി തുടങ്ങി. എന്നാല്‍ ശരിയായില്ല. ആ സമയം തട്ടില്‍ ഉണ്ടായിരുന്ന മുഴുവന്‍ ധനവും മാറ്റിവയ്ക്കാന്‍ ഭഗവാന്‍ ആവശ്യപ്പെട്ടു. അവ മാറ്റി വെച്ച ശേഷം രണ്ടു തട്ടും തുല്യമായി വന്നു. ഇതാണ് തുലാഭാരം വഴിപാടിന് പിന്നിലെ ഐതീഹ്യം.
ഭഗവാന്‍ ശ്രീ കൃഷ്ണ ഭഗവാന് ഏറെ പ്രിയപ്പെട്ടതാണ് തുലാഭാരം വഴിപാട് എന്നാണ്ഐതിഹ്യം. നമ്മുടെ ഭാരത്തില്‍ അനുസരിച്ചുള്ള ദ്രവ്യം വിലപിടിപ്പുള്ളതാവണം എന്നതല്ല, അത് അര്‍പ്പിക്കുമ്പോള്‍ നമ്മുടെ മനസ്സിലുളള നിസ്വാര്‍ത്ഥമായ ഭക്തിയും നന്മയുമാണ് ആവശ്യം. അതുകൊണ്ടു തന്നെ എത്ര വെയ്ക്കുന്നു എന്നുള്ളതല്ല എങ്ങനെ സമര്‍പ്പിക്കുന്നു എന്നുള്ളതാണ് കാര്യം.
Comments