കോട്ടയം: നായ കുറുകെ ചാടിയതിനെ തുടർന്ന് സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ ഗർഭിണിയ്ക്ക് ദാരുണാന്ത്യം. ചേർപ്പുങ്കൽ മാർ സ്ലീവോ മെഡിസിറ്റിയിലെ സ്റ്റാഫ് നഴ്സായ കളത്തൂർ കളപ്പുരയ്ക്കൽ റിൻസമ്മ ജോണാണ് മരിച്ചത്. 40 വയസായിരുന്നു റിൻസമ്മയ്ക്ക്.
കുഞ്ഞിന് വേണ്ടിയുള്ള എട്ട് വർഷമായുള്ള കാത്തിരിപ്പായിരുന്നു വിഫലമായത്. ഇന്നലെ പാലാ- പൂഞ്ഞാർ ഹൈവേയിൽ ചേർപ്പുങ്കലിലാണ് അപകടമുണ്ടായത്. ഭർത്താവിനൊപ്പം യാത്ര ചെയ്യുമ്പോൾ നായ റോഡിന് കുറുകെ ചാടിയതിനെ തുടർന്ന് സ്കൂട്ടർ മതിലിൽ ഇടിച്ച് മറിയുകയായിരുന്നു.
ഏഴ് മാസം ഗർഭിണിയായ റിൻസമ്മ റോഡിൽ വയറിടിച്ചു വീണു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിനേയും രക്ഷിക്കാനായില്ല. സ്കൂട്ടർ ഓടിച്ചിരുന്ന ഭർത്താവ് ബിജുവിനും പരിക്കേറ്റു. ആശുപത്രിയിൽ ചികിത്സയിലാണ് ബിജു.
Comments