കൊച്ചി: അല്ലു അർജുൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പുഷ്പ’ ആക്ഷൻ ത്രില്ലർ ചിത്രത്തിൽ ഫഹദ് ഫാസിൽ വില്ലൻ വേഷത്തിലെത്തുന്നു. നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സാണ് ഇക്കാര്യം പുറത്തുവിട്ടത്. സുകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ വിജയ് സേതുപതിയെയായിരുന്നു ഈ റോളിലേക്ക് പരിഗണിച്ചിരുന്നത്.
കൊറോണ പ്രതിസന്ധിയെ തുടർന്ന് ചിത്രീകരണം മുടങ്ങിയ സിനിമയാണ് പുഷ്പ. 2020 നവംബറിൽ ചിത്രീകരണം പുനരാരംഭിക്കുകയായിരുന്നു. രശ്മിക മന്ദാന, ജഗപതി ബാബു, പ്രകാശ് രാജ്, ഹരീഷ് ഉത്തമൻ എന്നിവരാണ് ചിത്രത്തിലെത്തുന്ന മറ്റ് താരങ്ങൾയ ഓഗസ്റ്റ് 13ന് ചിത്രം റിലീസ് ചെയ്യും.
തെലുങ്ക് സിനിമാ പ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ. ആര്യ, ആര്യ 2 എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം സുകുമാറും അല്ലു അർജുനും ഒരുമിക്കുന്ന ചിത്രമാണ് പുഷ്പ. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലാണ് പുഷ്പ റിലീസ് ചെയ്യുന്നത്.















