ദുബായ്: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ തുടർച്ചയായ ബാറ്റിംഗ് പ്രകടനം വിരാട് കോഹ്‌ലിയ്‌ക്ക് നേട്ടമായി. ഐ.സി.സിയുടെ ടി20 റാങ്കിംഗിൽ വിരാട് കോഹ്‌ലി നാലാം സ്ഥാനത്തേക്കാണ് കയറിയിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരെ 3-2നാണ് ഇന്ത്യ ടി20 പരമ്പര നേടിയത്. അവസാനത്തെ നിർണ്ണായക മത്സരത്തിൽ രോഹിതിനൊപ്പം ഓപ്പണറായി ഇറങ്ങിയ കോഹ്‌ലി 52 പന്തിൽ അടിച്ചെടുത്തത് 80 റൺസായിരുന്നു. ഓപ്പണിംഗ് കൂട്ടുകെട്ടിൽ 94 റൺസും കൂട്ടിച്ചേർത്തതാണ് ഇന്ത്യയ്‌ക്ക് 36 റൺസിന്റെ ജയം സമ്മാനിച്ചത്. ഇന്ത്യൻ താരങ്ങളിൽ രാഹുലിനെ മറികടന്നാണ് റാങ്കിംഗിലെ നേട്ടം സ്വന്തമാക്കിയത്.
രോഹിതിന്റെ 34 പന്തിലെ 64 റൺസ് പ്രകടനം മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി 14-ാം സ്ഥാനത്തേക്ക് ഇന്ത്യൻ ഓപ്പണറെ എത്തിച്ചു.മറ്റ് ഇന്ത്യൻ താരങ്ങളിൽ ശ്രേയസ്സ് അയ്യർ അഞ്ചു സ്ഥാനങ്ങൾ കടന്ന് തന്റെ കരിയറിലെ മികച്ച സ്ഥാനമായ 26ലേക്ക് കടന്നു. അരങ്ങേറ്റം നടത്തിയ സൂര്യകുമാർ യാദവ് 66-ാം സ്ഥാനത്തേക്കും 11 സ്ഥാനം മെച്ചപ്പെടുത്തി ഋഷഭ് പന്ത് 69-ാം സ്ഥാനത്തേക്കും കയറി.
ബൗളർമാരിൽ ഭുവനേശ്വർ കുമാർ അവസാന ടി20യിൽ 15 റൺസിന് 2 വിക്കറ്റ് നേട്ടത്തോടെ 21 സ്ഥാനങ്ങൾ കയറി 24ലേക്ക് എത്തി. ഹാർദ്ദിക് പാണ്ഡ്യ 47 സ്ഥാനങ്ങൾ കടന്ന് 78ലേക്ക് എത്തി.
Comments