കായിക മത്സരങ്ങള്‍ എല്ലായ്പ്പോഴും ആവേശം നിറയ്ക്കുന്ന ഒന്നാണ്. അതുകൊണ്ടു തന്നെ അവയെ ജീവനോടു ചേര്‍ത്തു വയ്ക്കുന്ന ആരാധകരും കുറവല്ല. അത്തരത്തില്‍ ആരാധന മൂത്ത് അതിരുവിടുന്ന ആളുകള്‍ വരെയുണ്ട് നമ്മുടെ നാട്ടില്‍. സുധീര്‍ കുമാര്‍ ചൗധരി എന്ന ആരാധകനെ ആരും തന്നെ മറന്നു കളയാന്‍ ഇടയില്ല. ഇന്ത്യയുടെ സൂപ്പര്‍ ഫാന്‍ എന്നാണ് ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ഇതിഹാസ താരം സച്ചിന് ടെന്‍ഡുല്‍ക്കറിനോടുള്ള ആരാധന കൊണ്ട് ശ്രദ്ധേയനായ ഒരു താരമാണ് ഇദ്ദേഹം. മൈതാനത്ത് കളി കാണാന്‍ കിട്ടുന്ന ഒരു അവസരവും ഇദ്ദേഹം വിട്ടു കളയാറില്ല. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന മത്സരവും സുധീര്‍ കുമാര്‍ ചൗധരി വിട്ടു കളഞ്ഞില്ല.
കൊറോണ എന്ന മഹാമാരി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു മത്സരം. എന്നാൽ സുധീർ കളി കണ്ടു , സ്റ്റേഡിയത്തില്‍ നിന്നും ഏറെ അകലെയുള്ള ഒരു കുന്നിന് മുകളില്‍ ഇരുന്ന് . ഗാലറിയില്‍ നിറഞ്ഞ ആള്തിരക്കുകളോ കൂക്കു വിളിക്കുകളോ ആഹ്ലാദപ്രകടനങ്ങളോ ഒന്നുമില്ല. എങ്കിലും മത്സരത്തിന്റെ ആവേശം വിട്ടുകളയാന്‍ സുധീര്‍ കുമാര്‍ ചൗധരി തയ്യാറായിരുന്നില്ല. ഗാലറിയില്‍ ഇരുന്ന് കളി കാണാന്‍ സാധിച്ചില്ലെങ്കിലും ദേഹത്താകെ ത്രിവര്‍ണ്ണം പൂശി, ഇന്ത്യന്‍ പതാക വാനോളം ഉയര്‍ത്തി വീശി കൊണ്ട് കായികാവേശത്തിന് ഇയാള്‍ മാറ്റു കൂട്ടി.
ഇദ്ദേഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ഇന്ത്യയുടെ മത്സരങ്ങള്‍ കാണാനായി ആദ്യ കാലങ്ങളില്‍ സൈക്കിളിലായിരുന്നു സുധീറിന്റെ യാത്ര. മത്സരം കാണാനായി പാകിസ്താനിലേക്കും ബംഗ്ലാദേശിലേക്കുമൊക്കെ ഇദ്ദേഹം സൈക്കിള്‍ സവാരി നടത്തിയിട്ടുണ്ട്. സച്ചിന് ടെന്‍ഡുല്‍ക്കറിന്റെ കടുത്ത ആരാധകനായ സുധീര്‍ കുമാര്‍ ചൗധരി സച്ചിന് വിരമിച്ച ശേഷവും ഇന്ത്യന്‍ ടീമിന് ആവേശം പകര്‍ന്ന് ഗാലറിയില്‍ ഉണ്ടാകാറുണ്ട്.
Comments