ആദ്യമായി ഒരു വീട് വെക്കുമ്പോള്‍ അത് എങ്ങനെയായിരിക്കണമെന്ന് ചിന്ത വീട് വെയ്ക്കുന്നതിന് മുന്നേതന്നെ ഓര്‍ത്ത് തുടങ്ങുന്നവരാണ് മിക്ക ആളുകളും. നമ്മുടെ ഇഷ്ടത്തിനും ആഗ്രഹത്തിനും അനുസരിച്ചായിരിക്കും നമ്മള് വീട് നിര്‍മ്മിക്കുന്നത്. ഇഷ്ടം കാരണം പലതരത്തിലുള്ള വീടുകള്‍ നിര്‍മിച്ചിട്ടുണ്ട്. ക്യാമറയോടുളള ഇഷ്ടം കാരണം ഫോട്ടോഗ്രാഫർ നിര്‍മ്മിച്ചത് ക്യാമറയുടെ മോഡലിലുള്ള വീടായിരുന്നു. അത്തരത്തില്‍ ഒരു വ്യത്യസ്തമായ നിര്‍മ്മിതിയാണ് പെന്‍സില്‍വാനിയയിലെ ഹെല്ലം നഗരത്തിലുള്ള ഹെയ്ന്‍സ് ഷൂ ഹൗസ്.
ഈ വീടിന്റെ പേര് കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് വ്യക്തമായി മനസ്സിലാകും ഈ വീട് ഏത് ആകൃതിയിലാണ് എന്നത്. ഷൂ വില്‍പ്പനക്കാരനായിരുന്നു മഹ്ലോണ്‍ ഹെയ്ന്‍സ്, ഒരു ഷൂവിന്റെ ആകൃതിയിലാണ് ഈ വീട് നിര്‍മ്മിച്ചിരിക്കുന്നത്. ഈ വീട്ടിലും അദ്ദേഹത്തിന് ഷൂവിനോടുള്ള കരുതലും ഇഷ്ടവുമൊക്കെ കാണുന്നുണ്ട്. 1948 കളില്‍ ഒരുക്കിയ ഈ വീട് തന്റെ ഷൂ ബിസിനസിന് ഒരു പരസ്യം എന്ന രീതിയിലാണ് മഹ്ലോണ്‍ ഹെയ്ന്‍സ് നിര്‍മിച്ചത്. ഏകദേശം 7.6 മീറ്റര്‍ ഉയരത്തില്‍ അഞ്ച് നിലകളിലായി നിര്‍മിച്ച ഈ വീട് ഇന്ന് വിനോദസഞ്ചാരികളുടെ ഇഷ്ട ഇടങ്ങളില്‍ ഒന്നായി മാറിക്കഴിഞ്ഞു.
ഇഷ്ടത്തിന് അനുസരിച്ച് വീട് പണികഴിപ്പിച്ചെങ്കിലും ഈ വീടിനകത്ത് ഒരിക്കലും മഹ്ലോണ്‍ ഹെയ്ന്‍സ് താമസിച്ചിട്ടില്ല. പകരം ഈ ഷൂ ഹൗസിനടുത്തായി മറ്റൊരു വീട് കൂടി ഒരുക്കി അതിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. ഈ വീട് പ്രായമായ ദമ്പതികള്‍ക്കുള്ള വാരാന്ത്യ അവധിക്കാല ഇടമായി നല്‍കിയിരുന്നു. പിന്നീട് ഈ വീട് വാടകയ്ക്ക് നല്കി, എന്നാല്‍ മഹ്ലോണ്‍ ഹെയ്ന്സിന്റെ മരണ ശേഷം ഈ വീട് അദ്ദേഹത്തിന്റെ ജീവനക്കാര്‍ക്ക് നല്കി. പിന്നീട് ഈ വീട് പലരും വാങ്ങുകയും വില്‍ക്കുകയും ചെയ്തു. നിരവധി ആളുകളാണ് ഈ വ്യത്യസ്തമായ ഷൂ ഹൗസ് കാണാനായി എത്തുന്നത്.
Comments