ടെക്നോ-ഹൊറർ വിഭാഗത്തിൽ ഒരുങ്ങുന്ന മലയാളത്തിലെ ആദ്യത്തെ ചലച്ചിത്രം, ‘ചതുർ മുഖത്തിന്റെ’ നിഗൂഢതകൾ നിറയ്‌ക്കുന്ന ട്രെയിലർ പുറത്തിറങ്ങി. ഏറെ പ്രതീക്ഷകൾ നിറയ്‌ക്കുന്ന ഈ ടെക്‌നോ ഹൊറർ ചിത്രത്തിന്റെ ട്രെയിലർ സിനിമക്ക് അകത്തും പുറത്തുമുള്ള നിരവധി പ്രമുഖർ തങ്ങളുടെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വഴി പങ്കുവെച്ചു.
ചതുർമുഖത്തിലെ മൂന്നു മുഖങ്ങളായ മഞ്ജു വാര്യർ, സണ്ണി വെയിൻ, അലൻസിയർ എന്നിവരെ കൂടാതെ നാലാമത്തെ മുഖമായ ഒരു സ്മാർട്ട് ഫോണിനെ ചുറ്റിപറ്റിയുള്ള പശ്ചാത്തലം കൗതുകത്തിന് വഴി ഒരുക്കുന്നു. ഇതുവരെ കണ്ട ഹൊറർ ചിത്രങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തത പുലർത്തുന്ന ഒന്നായിരിക്കും ചതുർമുഖമെന്ന് ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ത്രില്ലിംഗ് ട്രെയിലറില്‍ നിന്ന് ഉറപ്പിക്കാം. സയന്‍സും ടെക്നോളജിയുമായ് ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ നിറയെയുള്ള ട്രെയിലറില്‍ പ്രേക്ഷകര്‍ ഇതു വരെ കണ്ടിട്ടില്ലാത്ത ഒരു മഞ്ജു വാര്യരെയാണ് കാണാന്‍ കഴിയുന്നത്. ത്രസിപ്പിക്കുന്ന സീക്വന്‍സുകളും ഭീതിയുളവാക്കുന്ന രംഗങ്ങളും കൊണ്ട് സമ്പന്നമായിരിക്കും സിനിമയെന്ന് സൂചന തരുന്ന അഭിനന്ദ് രാമാനുജത്തിന്റെ വിഷ്വല്‍സും ഡോണ്‍ വിന്‍സന്റിന്റെ പശ്ചാത്തല സംഗീതവും ചതുര്‍മുഖത്തിനായുള്ള കാത്തിരിപ്പിന് ആക്കം കൂട്ടുന്നു. സിനിമയ്‌ക്കു വേണ്ടി പ്രത്യേകം ഒരുക്കിയ റിങ്ങ്ടോണും, മായ കൊണ്ട് കാണാകൂടൊരുക്കി എന്ന വീഡിയോ ഗാനവും നേരത്തെ തന്നെ സാമൂഹ്യമാദ്ധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു.
രഞ്ജീത്ത് കമല ശങ്കറും, സലിൽ വിയും ഒരുമിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണം ജിസ്സ് ടോംസ് മൂവീസിന്റെ ബാനറിൽ മഞ്ജു വാര്യർ പ്രൊഡക്ഷൻസുമായി ചേർന്ന് ജിസ്സ് ടോംസും, ജസ്റ്റിൻ തോമസും ചേർന്ന് കൈകാര്യം ചെയ്തിരിക്കുന്നു. മഞ്ജു വാര്യർ, സണ്ണി വെയിൻ, അലൻസിയർ ലോപ്പസ്, നിരഞ്ജന അനൂപ് എന്നിവരെ കൂടാതെ, ശക്തമായ ഒരു താരനിരയും, അണിയറ പ്രവർത്തകരും ചതുർ മുഖത്തിൽ ഉണ്ട്. രചന അഭയകുമാർ കെ, അനിൽ കുര്യൻ.
സെഞ്ച്വറി ഫിലിംസാണ് ചതുർ മുഖത്തിന്റെ വിതരണം നിർവ്വഹിക്കുന്നത്. ചിത്രം ഏപ്രിൽ 8ന് നൂതന ദൃശ്യാനുഭവവുമായി തിയ്യറ്ററിൽ എത്തും എന്നാണ് അണിയറപ്രവർത്തകർ നൽകുന്ന വിവരം.















