കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിൽ മുസ്ലീം ലീഗ് പ്രവർത്തകനെ വെട്ടിക്കൊന്ന സംഭവം രാഷ്ട്രീയ കൊലയെന്ന് പോലീസ്. സംഭവത്തിൽ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് ജില്ലാ പോലീസ് മേധാവി ആർ ഇളങ്കോ അറിയിച്ചു. കേസിൽ 10 ൽ അധികം പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അറസ്റ്റിലായ സിപിഎം പ്രവർത്തകൻ ഷിനോസിനെ ചോദ്യം ചെയ്ത് വരികയാണെന്നും അദ്ദേഹം അറിയിച്ചു.
മൻസൂറിന്റെ കൊലപാതകത്തിൽ ഗൂഢാലോചന നടന്നതായും പോലീസ് വ്യക്തമാക്കി. തിരിച്ചറിഞ്ഞ പ്രതികൾക്കായി തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. 11 ൽ അധികം പേർ കൊലയിൽ പങ്കാളിയായിട്ടുണ്ടെന്ന് സംശയിക്കുന്നതായും പോലീസ് അറിയിച്ചു. കസ്റ്റഡിയിൽ തുടരുന്ന ആളെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് കരുതുന്നത്. അന്വേഷണത്തിന് സ്പെഷ്യൽ സംഘത്തെ നിയോഗിക്കുമെന്നും പോലീസ് മേധാവി പറഞ്ഞു.
അക്രമിക്കാൻ വന്ന സംഘത്തിലെ ഒരാളെയാണ് ഇന്നലെ പിടികൂടിയത്. നാട്ടുകാർ തന്നെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. വോട്ടെടുപ്പ് അവസാനിപ്പിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ആക്രമണം. കൂത്തുപറമ്പ് പുല്ലൂക്കരയിലെ പാറാൽ മൻസൂർ ആണ് കൊല്ലപ്പെട്ടത്. സഹോദരൻ മുഹ്സിനും വേട്ടേറ്റിരുന്നു.
Comments