പ്രേക്ഷകരുടെ പ്രശംസ നേടി മുന്നേറുന്ന ദിലീഷ് പോത്തന് സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ജോജിയെ പുകഴ്ത്തി ബോളിവുഡ് താരം. ഗജരാജ് റാവുവാണ് ഫഹദിനും കൂട്ടര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിച്ച് എത്തിയിരിക്കുന്നത്. മലയാള ചിത്രത്തെ അഭിനന്ദിച്ചതിനൊപ്പം ബോളിവുഡിനെ പരിഹസിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. ഇന്‍സ്റ്റഗ്രാമില്‍ കത്ത് രൂപത്തില്‍ പങ്കുവെച്ച കുറിപ്പിലാണ് ഗജരാജ് റാവു ജോജിയെയും അണിയറ പ്രവര്‍ത്തകരെയും ഏറെ പ്രശംസിച്ചിരിക്കുന്നത്.
പ്രിയപ്പെട്ട ദിലീഷ് പോത്തനും മറ്റ് മലയാള സിനിമ സംവിധായകര്‍ക്കും എന്ന അഭിസംബോധനയോടെയാണ് അദ്ദേഹം തന്റെ തുറന്ന കത്ത് ആരംഭിക്കുന്നത്. ”മതി. നിങ്ങള്‍ നിരന്തരം യഥാര്‍ത്ഥ ആശയങ്ങളുമായി വരുന്നതും അവ വളരെ ആത്മാര്‍ത്ഥതയോടെ അവതരിപ്പിക്കുകയും അത് നല്ല സിനിമയാക്കുന്നതും അത്ര ശരിയല്ല. മറ്റ് പ്രാദേശിക സിനിമകളില്‍ നിന്ന് നിങ്ങള്‍ ഒന്നോ രണ്ടോ കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ട്, പ്രത്യേകിച്ച് ഇവിടെ ഞങ്ങളുടെ ഹിന്ദിയില്‍ നിന്ന്. നിങ്ങള്‍ ചില സാധാരണ ജോലികളും ചെയ്യേണ്ടതുണ്ട്.
മടുപ്പിക്കുന്ന മാര്‍ക്കറ്റിങ് കാമ്പെയ്നുകളും പ്രമോഷനുകളും എവിടെയാണ് ആത്മാവില്ലാത്ത റീമേക്കുകള്‍ എവിടെയാണ് വാരാന്ത്യ ബോക്സ് ഓഫീസ് കളക്ഷനുകളോടുള്ള ആസക്തി എവിടെയാണ് ഇത് അല്‍പ്പം കടന്ന കൈയ്യാണ്. ഞാനീ പറഞ്ഞതൊന്നും നിങ്ങള്‍ കാര്യമായി എടുക്കില്ലെന്നും ഇനിയും നല്ല സൃഷ്ടികള്‍ ഉണ്ടായി കൊണ്ടിരിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ മഹാമാരി അവസാനിക്കുമ്പോള്‍ നിങ്ങളുടെ സിനിമകള്‍ ആദ്യ ദിവസം ആദ്യ ഷോ കാണാന്‍ ഒരു പാക്കറ്റ് പോപ്കോണുമായി ഞാന്‍ റെഡിയായിരിക്കും,” അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ആമസോണ്‍ പ്രൈമില്‍ വിജയകരമായി ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ് ജോജി. ഇതിനോടകം തന്നെ നിരവധി പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസ ചിത്രം നേടി കഴിഞ്ഞു.
Comments