തൃശൂർ: തൃശൂർപൂരം നടത്തിപ്പിൽ കൂടുതൽ ഇളവുകൾ നൽകാൻ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. ഘടകപൂരങ്ങളിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിന് പരിധി ഏർപ്പെടുത്തിയത് ഒഴിവാക്കാൻ യോഗത്തിൽ തീരുമാനിച്ചു. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും കൊറോണ വാക്‌സിൻ എടുത്തവർക്കും ഘടകപൂരങ്ങളിൽ പങ്കെടുക്കാം.
ഒരു ഘടകപൂരത്തിന്റെ ഭാഗത്തു നിന്നും 50 പേർക്ക് മാത്രമെ പങ്കെടുക്കാൻ കഴിയൂ എന്ന നിർദ്ദേശം പോലീസ് നേരത്തെ മുന്നോട്ട് വച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഘടകപൂരങ്ങളുടെ ഭാരവാഹികൾ ജില്ലാ കളക്ടറുമായി ചർച്ചയ്‌ക്കെത്തിയത്. തൃശൂർ പൂരത്തിന് കൂടുതൽ പാസുകൾ അനുവദിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. 50 പേരെന്ന നിബന്ധന മാറ്റണമെന്നാണ് ആവശ്യപ്പെട്ടത്. ഈ ആവശ്യം കളക്ടർ അംഗീകരിക്കുകയായിരുന്നു.
വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കുക, ആർടിപിസിആർ ടെസ്റ്റ് നടത്തുക, പാസെടുക്കുക എന്നീ നിലവിവുള്ള മാനദണ്ഡങ്ങൾ പാലിച്ചാൽ എത്രപേർക്ക് വേണമെങ്കിലും ഘടകപൂരങ്ങളിൽ പങ്കെടുക്കാം.
തൃശൂർ പൂരത്തിന് നാളെയാണ് കൊടിയേറുക. കൊറോണ മാനദണ്ഡങ്ങൾ പാലിച്ചാണ് പൂരം നടക്കുക. ചടങ്ങുകളിലും ആചാരങ്ങളിലും മാറ്റമുണ്ടാകില്ല. പാറമേക്കാവ് തിരുവമ്പാടി ക്ഷേത്രങ്ങളിലെ താത്കാലിക കൊടിമരത്തിൽ ദേശക്കാരാണ് കൊടിയേറ്റുന്നത്. കർശന നിയന്ത്രണങ്ങളിലാണ് ഇത്തവണ പൂരം നടക്കുന്നത്.















