യജ്ഞസംസ്‌കാരത്തേയും യോഗസംസ്‌കാരത്തേയും ഒരേപോലെ സാക്ഷാത്കരിക്കുന്നതാണ് കേരളത്തിന്റെ ക്ഷേത്രസങ്കൽപ്പം. അതുകൊണ്ടാണ് ഇതരസംസ്ഥാനങ്ങളിലെ ക്ഷേത്രാരാധനാ പദ്ധതിയിൽനിന്ന് കേരളം വേറിട്ടു നിൽക്കുന്നത്.
ദേവാരാധനയ്‌ക്ക് മനുഷ്യോൽപ്പത്തിയോളംതന്നെ പഴക്കമുണ്ട്. ആദിമകാലത്ത് മനുഷ്യന്റെ പ്രധാന ജീവനോപാധി കാർഷികവൃത്തിയായിരുന്നു. കൃഷിയുമായി ബന്ധപ്പെട്ടാണ് ഇത്തരം ആരാധനകൾ ഉയിർപ്പു നേടിയത്. ജനപദങ്ങളുടെ വികാസത്തോടൊപ്പം ആരാധനാ സമ്പ്രദായങ്ങൾക്കും വികാസവും മാറ്റവും അനുഭവപ്പെട്ടു. നമ്മുടെ ആരാധനാ പദ്ധതിയിലെ ആദിമരൂപം കാവുകളായിരുന്നു. ഇത്തരം സ്ഥലങ്ങളെ ആദ്യകാലത്ത് വിവക്ഷിച്ചിരിന്നത് ‘ദേവതായതനം’ എന്നായിരുന്നു. ഭൂതപ്രേതപിശാചുക്കൾക്ക് സൈ്വരവിഹാരം നടത്താൻ ഒഴിച്ചിട്ട സ്ഥലങ്ങളായിരുന്നു ഈ വിധം അറിയപ്പെട്ടത്. ഇത്തരം ദേവതായതനമധ്യത്തിൽ പൂർവികർ ഒരു കല്ലുവെച്ച് അതിൽ ദേവചൈതന്യത്തെ അധ്യാരോപിച്ച് ആരാധന ആരംഭിച്ചു. ഈ ആരാധനാകേന്ദ്രങ്ങളെയാണ് നാം പിന്നീട് കാവ് എന്ന പേരുവിളിച്ചത്. കാവെന്നാൽ കാട് എന്നുതന്നെ അർത്ഥം. ഏതെങ്കിലും ഒരു വൃക്ഷത്തിനു ചുവട്ടിൽ കല്ലുവെച്ച് ആരാധിച്ചിരുന്നതിനെ സകളാരാധന എന്നാണ് പേരുവിളിച്ചത്. ഈ കല്ലുകൾക്കു പ്രത്യേകിച്ച് രൂപമുണ്ടായിരുന്നില്ല. പിന്നീട് സകളാരാധനയിൽനിന്നും പിന്നീട് മൂർത്തീസങ്കൽപ്പങ്ങളിലേക്കു ആരാധന സംക്രമിച്ചു. മനുഷ്യഭാവനയുമായി ബന്ധപ്പെട്ടാണ് ഈ മാറ്റം സംഭവിച്ചത്. അതിനെ സവയവാരാധന എന്നുവിളിച്ചു. ഈ മാറ്റങ്ങൾക്കൊടുവിലാണ് കാവുകൾ ഇല്ലാതായതും ക്ഷേത്രസങ്കൽപ്പം ഉരുത്തിരിഞ്ഞതും. നമ്മുടെ പ്രധാനപ്പെട്ട പല ക്ഷേത്രങ്ങളുടേയും പേരവസാനിക്കുന്നത് കാവ് എന്നതിലാണെന്നത് മനസ്സിലാക്കിയാൽ ഇക്കാര്യം വെളിവാകും.
ക്ഷേത്രങ്ങൾ നിർമിക്കുകയും അതിൽ ദേവതകളെ പ്രതിഷ്ഠിക്കാനും തുടങ്ങിയപ്പോൾ ദേവതായതനങ്ങൾ ദേവാലയങ്ങളായി മാറി. ദേവാലയങ്ങളിലെ പൂജകൾക്ക് ശാസ്ത്രസങ്കൽപ്പങ്ങളുണ്ടായി. ക്ഷേത്രനിർമാണം, പഴയകാലത്തെ യാഗയജ്ഞകുണ്ഡങ്ങളുടെ ആകൃതിയെ പരികൽപ്പിച്ചു. അങ്ങനെയാണ് വട്ടം, ചതുരം, ദീർഘചതുരം, ഗജപൃഷ്ഠം, അണ്ഡം എന്നീ അഞ്ചു രീതികളിൽ ക്ഷേത്രരൂപം കൽപ്പിച്ചത്. യാഗകുണ്ഡങ്ങളും അതേ മാതൃകയിലാണ് തീർക്കുക. ഭാരതത്തിലുടനീളം ക്ഷേത്രങ്ങളുണ്ട്. എന്നാൽ അവയിൽനിന്നൊക്കെ മാറിയുള്ളതും നിഷ്ഠാപൂർവവുമാണ് കേരളീയക്ഷേത്രാരാധനാ പദ്ധതി. ഭാരതത്തിലുടനീളം സഞ്ചരിച്ച് ക്ഷേത്രദർശനം നടത്തിയവർക്ക് സാമാന്യേന മനസ്സിലുദിക്കുന്ന സംശയവുമാണിത്. ഭാരതത്തിൽ മറ്റെവിടേയും കാണാത്തതായ കേരളത്തിലെ ക്ഷേത്രസങ്കൽപ്പം, യജ്ഞത്തിന്റെ അന്തസ്സത്തയെ ആവാഹിച്ചെടുത്തതാണെന്നതാണ് പ്രത്യേകത.
ഒരു ഭക്തൻ ക്ഷേത്രാരാധനാ പദ്ധതിയിൽ മനസ്സും വപുസ്സും അർപ്പിക്കുമ്പോൾ അവൻ യഥാർത്ഥത്തിൽ യജ്ഞകർത്താവാകുകയാണ്. പ്രസാദം, യജ്ഞശിഷ്ടവുമാകുന്നു. ഇതാണ് കേരളീയ ക്ഷേത്രസങ്കൽപ്പത്തിന്റെ ലളിത തത്ത്വം. ഈ ആരാധനാപദ്ധതിയെ അരക്കിട്ടുറപ്പിക്കുന്ന ശാസ്ത്രപദ്ധതിയെ നാം തന്ത്രം എന്നും വിളിക്കുന്നു. തന്ത്രം പ്രാവർത്തികമാക്കുന്ന ആചാര്യനെ തന്ത്രി എന്നും വിളിക്കുന്നു. ഒരു യജ്ഞശാലയുടെ നിർമിതിയും ക്ഷേത്രനിർമിതിയും മനസ്സിലാക്കിയാൽ ഇതെളുപ്പം ഗ്രഹിക്കാം. യജ്ഞശാലയുടെ യൂപത്തിന് (യജ്ഞം നടത്തുമ്പോൾ ബലിമൃഗത്തെ കെട്ടാനുള്ള കുറ്റി) സമാനവും അതിന്റെ സ്ഥാനത്തുമാണ് ക്ഷേത്രത്തിലെ കൊടിമരത്തിന്റെ സ്ഥാനം. യജ്ഞശാലയ്‌ക്ക് ഉത്തരവേദി എന്നും ദശപദം എന്നും അറിയപ്പെടുന്ന യാഗശാലയുടെ തനിപ്പകർപ്പായിട്ടാണ് ക്ഷേത്രത്തിലെ ബലിക്കൽപ്പുരയും വലിയ ബലിക്കല്ലും നിർമിക്കുന്നത്. യജ്ഞശാലയുടെ ഹവിർദ്ധാനം എന്ന സ്ഥാനത്താണ് ക്ഷേത്രത്തിലെ വലിയമ്പലം. സദസ്സ് എന്നുപേരായ യാഗശാലയുടെ സ്ഥാനത്താണ് ക്ഷേത്രമണ്ഡപം (നമസ്‌കാരമണ്ഡപം) സ്ഥിതിചെയ്യുന്നത്. പ്രാഗ്വംശ ശാലയുടെ സമാന്തരമാണ് ക്ഷേത്രശ്രീകോവിൽ. ത്രേതാഗ്‌നികുണ്ഡങ്ങളുടെ വേദിക്കു പകരമായി ക്ഷേത്രബിംബം. പത്‌നീശാലയുടെ സാദൃശ്യം വഹിക്കുന്ന സ്ഥാനത്ത് പാർവതീപ്രതിഷ്ഠ. (പണ്ടുകാലത്ത് കേരളത്തിൽ ശിവക്ഷേത്രങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീടാണ് മറ്റുദേവന്മാർ ആരാധിക്കപ്പെടുന്നത്). കേരളത്തിനു പുറത്തും നമുക്കു ഇതൊക്കെത്തന്നെ കാണാൻ കഴിയും. എന്നാൽ യജ്ഞശാലയുടെ മാതൃകയിൽ കടുകുമണിക്കുപോലും വ്യത്യാസം വരാതെ കൊടിമരവും ബലിക്കൽപ്പുരയും വലിയ ബലിക്കല്ലും നാലമ്പലവും മണ്ഡപവും ശ്രീകോവിലും നിർമിക്കുന്നത് കേരളത്തിൽ മാത്രമാണ്. അതുകൊണ്ടാണ് കേരളത്തിലെ ക്ഷേത്രാരാധനാപദ്ധതി കണിശമായിരിക്കുന്നത്.
യജ്ഞസങ്കൽപ്പത്തിന്റെ സാക്ഷാത്കാരമെന്നപോലെത്തന്നെ, യോഗശാസ്ത്രത്തിന്റെ തത്ത്വയേയും ക്ഷേത്രം പ്രതിനിധീകരിക്കുന്നു. കുളാർണവതന്ത്രത്തിൽ ഇതിന്റെ വിശദീകരണം നമുക്കു കാണാവുന്നതാണ്.
ദേഹോ ദേവാലയ പ്രോക്തോ-
ജീവോ ദേവഃ സദാശിവഃ’
ദേഹം ദേവാലയമാണെന്നും അതിനുള്ളിൽ കുടികൊള്ളുന്ന ദേവൻ പരമാത്മചൈതന്യത്തിന്റെ പ്രതീകമായ ജീവനുമാണെന്നാണ് ക്ഷേത്രവും മനുഷ്യദേഹവും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്നത്. സ്ഥൂല-സൂക്ഷ്മശരീരങ്ങളുടെ ഉള്ളിലാണ് ആത്മാവു സ്ഥിതിചെയ്യുന്നത്. അതേപോലെ ക്ഷേത്രനിർമാണക്രമം പഞ്ചപ്രാകാരങ്ങളോടു കൂടിയതാണ്. പുറംമതിൽ(പ്രാകാരം), ശീവേലിപ്പുര(ബാഹ്യഹാര), വിളക്കുമാടം(മധ്യഹാര), നാലമ്പലം(അന്തഹാര), അകത്തെ ബലിവട്ടം(അന്തർമണ്ഡലം) എന്നിവയാണ് പഞ്ചപ്രാകാരങ്ങൾ. ഇവ ദേവന്റെ സ്ഥൂലശരീരമായും അതിനുള്ളിൽ കുടികൊള്ളുന്ന ഗർഭഗൃഹവും പ്രതിഷ്ഠയും അതിനടിയിലെ ഷഡാധാരപ്രതിഷ്ഠയും ദേവന്റെ സൂക്ഷ്മശരീരവുമായാണ് കണക്കാക്കപ്പെടുന്നത്. ദേവവിഗ്രഹം മനുഷ്യാത്മാവിനെ പ്രതിനിധീകരിക്കുന്നു. അതുകൊണ്ടാണ് ദേവശരീരത്തെ വിഗ്രഹം എന്നു പറയുന്നത്. വിശേഷമായി ഗ്രഹിക്കുന്നതാണ് വിഗ്രഹം. ശ്രീകോവിലിനുമുന്നിലെത്തുമ്പോൾ ഭക്തൻ എന്താണ് വിശേഷേണ ഗ്രഹിക്കുന്നത് എന്നാണ് ചോദ്യം. അതു മറ്റൊന്നുമല്ല, ശ്രീകോവിലിനുള്ളിൽ കുടിയിരിക്കുന്ന ദേവതയും സ്വശരീരത്തിലെ ആത്മാവും ഏകമാണെന്ന ബോധമാണ് അത്. ഈ ബോധത്തിലെക്കെത്തുമ്പോഴേ സാധകൻ ക്ഷേത്രാരാധനാ പദ്ധതിയുടെ രഹസ്യം മനസ്സിലാക്കുന്നുള്ളു.
Comments