ക്ഷേത്രോപാസകർക്ക് പലപ്പോഴും ആശങ്കയും സംശയവുമുളവാക്കുന്നതാണ് ശിവക്ഷേത്രത്തിലെ പ്രദക്ഷിണം. ഓവിനെ മുറിച്ചു കടക്കരുതെന്ന സങ്കൽപ്പത്തെ പലരും പല രീതിയിൽ വ്യാഖ്യാനിക്കുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ ഈ സങ്കൽപ്പത്തിന്റെ പിന്നിലെന്താണ്?
പ്രക്ഷിണത്തിൽ എപ്പോഴും തർക്കവിതർക്കങ്ങൾക്ക് ഇടയാക്കുന്നതാണ് ശിവക്ഷേത്രത്തിലെ പ്രദക്ഷിണം. ഇതിന് ‘സവ്യാപസവ്യം’ എന്നാണ് പറയുക. സവ്യം എന്നാൽപ്രദക്ഷിണവും അപസവ്യം എന്നാൽഅപ്രദക്ഷിണവും. ആദ്യം പ്രദക്ഷിണമായി നടന്ന് പിന്നീട് അപ്രദക്ഷിണമായി പൂർത്തിയാക്കുക എന്നതാണ് ശിവക്ഷേത്ര പ്രദക്ഷിണശാസ്ത്രം. പഴയകാലത്ത് കേരളത്തിൽക്ഷേത്രം എന്നു വ്യവഹരിച്ചിരുന്നത് ശിവക്ഷേത്രങ്ങളെയായിരുന്നു. പിന്നീടാണ് മറ്റുള്ള ദേവതകൾക്ഷേത്രശ്രീകോവിലുകളിൽസ്ഥാനം പിടിച്ചതെന്നു പണ്ഡിതർപറയുന്നു. അതുകൊണ്ടുതന്നെയായിരിക്കണം പഴയകാലത്തെ ക്ഷേത്രങ്ങൾ ‘മുക്കാൽവട്ടം’ എന്നറിയപ്പെട്ടിരുന്നത്. അതായത്, പ്രദക്ഷിണം പൂർത്തിയാക്കുന്നത് മുക്കാൽഭാഗം വരെമാത്രം. പിന്നീട് അപ്രദക്ഷിണമായി നടന്നാണ് കാൽഭാഗം പൂർത്തിയാക്കുക. ഇതിനെ അനുസ്മരിച്ചാവണം പഴയകാല ക്ഷേത്രങ്ങൾക്ക് മുക്കാൽവട്ടം എന്ന പേരുവന്നത്.
ശിവക്ഷേത്രപ്രദക്ഷിണം യജ്ഞമാതൃകയിൽ
രണ്ടുതരത്തിലുള്ള ആധ്യാത്മികവിശദീകരണം ശിവക്ഷേത്രത്തിലെ സവ്യാപസവ്യ പ്രദക്ഷിണത്തെ സംബന്ധിച്ചുണ്ട്. ഇതിൽ പ്രാചീന സംസ്‌കാരവുമായി ബന്ധപ്പെട്ട് ഏറ്റവും യുക്തിയുക്തമായി പറഞ്ഞിട്ടുള്ളത് പണ്ഡിതാഗ്രേസരനായ കെ.പി.സി. അനുജൻഭട്ടതിരിപ്പാടാണ്. അദ്ദേഹം ശിവക്ഷേത്ര പ്രദക്ഷിണത്തെക്കുറിച്ചു പറയുന്നതിപ്രകാരമാണ്:
‘ക്ഷേത്രം യജ്ഞശാലയാണെന്നു മനസ്സിലാക്കിയാൽശിവക്ഷേത്രപ്രദക്ഷിണത്തിൽ ഓവു മുറിക്കരുത് എന്നതിന്റെ പൊരുളറിയാം. അതിരാത്രം അഥവാ അഗ്‌നി എന്ന യജ്ഞവിശേഷത്തിൽ 500-ലധികം വിവിധാകൃതിയിലുള്ള ഇഷ്ടിക ഉപയോഗിച്ച് ഒന്നിനുമീതെ ഒന്നായി അഞ്ചുതട്ടുള്ള ‘ഗരുഡചിതി’ (ചിറകുവിരിച്ചു പറക്കുന്ന ഗരുഡന്റെ ആകൃതിയിലാണ് ഇതിന്റെ നിർമിതി) നിർമിക്കുന്ന ചടങ്ങുണ്ട്. ഋത്വിക്കുകളിൽ പ്രധാനിയായ അധ്യുരുവിനാണ് മന്ത്രപൂർവമായ പടവിന്റെ ചുമതല. അഞ്ചുദിവസംകൊണ്ടേ പണി തീരുകയുള്ളു. പടവിനു കുറ്റിയടിച്ചാൽപിന്നെ പടുക്കാനുള്ള സ്ഥലത്തിന് ‘ക്ഷേത്രം’ എന്നാണ് പേര്(ഇതിൽനിന്നാണ് ദേവാലയത്തിന് ക്ഷേത്രം എന്ന സംജ്ഞവന്നത്). സ്ഥലം അതിരിട്ടു തിരിക്കുന്നതു മുതൽക്കു അധ്യുരുവിന്റെ നടത്തം മുഴുവൻസവ്യാപസവ്യമായിട്ടാണ്. ഈ പടവിന്റെ ഒത്ത നടുക്കുള്ള ‘സ്വയമാതൃണ്ണ’ എന്ന ഇഷ്ടികമേൽയജുർവേദാന്തർഗതമായ ശ്രീരുദ്രസൂക്തംമന്ത്രം ജപിച്ചുകൊണ്ട് ആട്ടിൻപാൽ അഭിഷേകം ചെയ്യുന്ന ചടങ്ങിൽനിന്നുണ്ടായതാണ് രുദ്രന്റെ-ശാന്തസ്വരൂപനായ ശിവന്റെ അഭിഷേകപ്രിയത്വം എന്നുവേണം കരുതാൻ.’ ഈ ചടങ്ങിൽ നിന്നാകണം ശിവക്ഷേത്രത്തിൽ സവ്യാപസവ്യ പ്രദക്ഷിണം നടപ്പിലായത്. എന്നുമാത്രമല്ല, ശിവക്ഷേത്രങ്ങളുണ്ടായതിനു ശേഷം ഉണ്ടായ മറ്റു ക്ഷേത്രങ്ങളിലും ആദ്യകാലത്തു ഓവു മുറിച്ചു കടക്കുന്ന പതിവുണ്ടായിരുന്നില്ലെന്നു പറയപ്പെടുന്നു. പിന്നീട് ശൈവ-വൈഷ്ണമതാനുയായികൾപരസ്പരം കലഹിച്ചപ്പോൾസവ്യാപസവ്യ പ്രദക്ഷിണം ശൈവസമ്പരദായമെന്ന നിലയ്‌ക്ക് വൈഷ്ണവർഉപേക്ഷിച്ചതാവാനും വഴിയുണ്ട്.
ശിവക്ഷേത്രപ്രദക്ഷിണം യോഗദൃഷ്ടിയിൽ
ശിവക്ഷേത്രപ്രദക്ഷിണത്തെ യോഗദൃഷ്ടിയിൽ വ്യാഖ്യാനിക്കുകയാണ് പി. മാധവൻ. അദ്ദേഹം പറയുന്നതിപ്രകാരമാണ്:
‘ശിവക്ഷേത്രത്തിലെ ഓവിനെ ആരും മറി കടക്കാറില്ല. ‘സോമസൂത്രം ന ലംഘയേൽ’ എന്നാണ് ശിവാഗമത്തിൽ പറഞ്ഞിട്ടുള്ളത്. ശിവലിംഗത്തിനു നേരെ ഉത്തരഭാഗത്തുള്ള സോമസ്ഥാനംവരെ ഒരു ഋജുരേഖ വരച്ചാൽ അതിനെയാണ് സോമസൂത്രം എന്നു പറയുന്നത്. യോഗശാസ്ത്രത്തിൽ ശിവന്റെ സ്ഥാനം ശരീരത്തിന്റെ ഏറ്റവും ഉപരി സഹസ്രാരപദ്മത്തിലുള്ള ബ്ര്ഹമരന്ധ്രസ്ഥാനമാണെന്നു മനസ്സിലാക്കിയാൽ അതിന്റെ തത്ത്വം വ്യക്തമാകും. വർത്തുളാകൃതിയിൽസ്‌കൂവിന്റെ പോലെ മേലോട്ടു മേലോട്ടു പോകുന്ന ഈ മാർഗത്തിന്റെ അവസാനത്തെ ബിന്ദുവാണല്ലോ ആ സ്ഥാനം അതിനപ്പുറത്തേക്കു ആ വർത്തുളമാർഗം നീണ്ടുപോകുന്നില്ല. എല്ലാ ദേവന്മാരിലുംവെച്ച് ഉപരിസ്ഥാനത്ത് തന്ത്രശാസ്ത്രത്തിൽ വർത്തിക്കുന്നത് ശിവനാണെന്നോർക്കുക. കിഴക്കുനിന്നു പുറപ്പെട്ട് പ്രദക്ഷിണമായി ക്ഷേത്രാങ്കണത്തിലൂടെ ഈ സ്ഥാനംവരെ ചെല്ലമ്പോൾഅതു ശിവക്ഷേത്രമാണെങ്കിൽ സഹസ്രാരത്തിലുള്ള ബ്രഹ്മരന്ധ്രംവരെ സാധകൻ പോകുകയാണ് ചെയ്യുന്നത്. അവിടെ നിന്ന് ശ്രീകോവിലിൽ ഇരുന്നരുളുന്ന ശിവലിംഗത്തെ വന്ദിച്ച് അഥവാ ബ്ര്ഹ്മരന്ധ്രത്തിന്റെ സാക്ഷാൽസ്ഥാനമായ താഴികക്കുടത്തെ നോക്കി തൊഴുത് ആരാധകൻ അപ്രദക്ഷിണമായി മടങ്ങുന്നു.’ യോഗമാർഗത്തിന്റെ ഏറ്റവും ഉത്തമനിലയെ ഭക്തൻപ്രാപിക്കുന്നത് ശിവക്ഷേത്രത്തിലെ സോമരേഖയ്‌ക്ക് അടുത്തെത്തുമ്പോഴാണ്. അവിടെ നിന്നു തുടർന്നും മുന്നോട്ടു പോകുമ്പോൾ ഭക്തൻ യോഗമാർഗത്തിൽ നിന്നും അധഃപതിക്കുകയാണ് ചെയ്യുന്നത്. അതില്ലാതാക്കാനാണ് അപ്രദക്ഷിണമായി തിരിച്ചു നടക്കുന്നത്. ഇതാണ് ഓവിനെ മുറിച്ചു കടക്കാതിരിക്കുന്നതിലുള്ള യജ്ഞ-യോഗ ശാസ്ത്രം. നമ്മുടെ നാട്ടിൽഓവിനെ മുറിച്ചു കടക്കാതിരിക്കുന്നതിന്റെ ബാലിശമായ നിരവധി കഥകൾപ്രചാരത്തിലുണ്ട്. അതൊക്കെ ആളുകളുടെ കപോലകൽപ്പിതമാണെന്നു കരുതിയാൽ മതി.
Comments