ക്ഷേത്രപ്രദക്ഷിണം നടത്തേണ്ടത് ഏതുവിധമാണ്? ഓരോ ദേവതയ്‌ക്കും എത്രവീതം പ്രദക്ഷിണം നടത്തണം?
പലപ്പോഴും ക്ഷേത്രദർശനത്തിനെത്തുന്ന ഭക്തന് ഏറ്റവും വലിയ ആശങ്കയെ വളർത്തുന്നതാണ് പ്രദക്ഷിണം. എങ്ങനെ പ്രദക്ഷിണം വെക്കണം, എത്രയെണ്ണം വേണം ഇവയൊക്കെ പലപ്പോഴും പലർക്കും അറിഞ്ഞെന്നിരിക്കില്ല. മുമ്പിൽ നടന്നുപോയ ഭക്തൻ ചെയ്യുന്നതൊക്കെ പിന്നിൽ വരുന്നവർ നോക്കി ചെയ്യുന്നതും അപൂർവമല്ല. പ്രദക്ഷിണം എന്ന പദത്തിന്റെ ആശയം എന്താണെന്നു ആദ്യം പരിശോധിക്കാം.
‘പ്ര’ ഛിദ്യതി ഭയാഃ സർവേ
‘ദ’ കാരോ മോക്ഷസിദ്ധിതാ
‘ക്ഷി’ കാരോത് ക്ഷീയതേ രോഗോ
‘ണ’ കാരം ശ്രീപ്രദായകം
(അംശുമതി ആഗമം)
‘പ്ര’ എന്ന വാക്ക് സകലവിധ ഭയങ്ങളേയും നശിപ്പിക്കുന്നു. ‘ദ’ മോക്ഷത്തെ പ്രദാനം ചെയ്യുന്നു. ‘ക്ഷി’ എന്ന അക്ഷരം മഹാരോഗങ്ങളെ നശിപ്പിക്കുന്നു. ‘ണ’ കാരമാകട്ടെ ഐശ്വര്യത്തെ സമ്മാനിക്കുന്നു. ഇതാണ് പ്രദക്ഷിണഫലം. തിരക്കുപിടിച്ച ലോകത്ത് മനുഷ്യനില്ലാത്തതു സമയമാണെന്നാണല്ലോ വെപ്പ്. ക്ഷേത്രത്തിലെത്തി ധൃതിയിൽ പ്രദക്ഷിണവും നിർവഹിച്ച് ഭഗവാനെ സല്യൂട്ടും കൊടുത്തു പോകുന്നവരുടെ സംഖ്യ അനുദിനം വർധിച്ചുകൊണ്ടിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ പ്രദക്ഷിണം വെക്കേണ്ടത് ഏതുവിധമാണ് ശാസ്ത്രഗ്രന്ഥങ്ങൾ വിവരിക്കുന്നതെന്നും നാം അറിയണം.
‘പദാത് പദാന്തരം ഗച്ഛേത്
കരൗ ചലനവർജിതൗ
സ്തുതിർവാചി ഹൃദി ധ്യാനം
ചതുരംഗം പ്രക്ഷിണം’
നാല് അംഗങ്ങളാണ് പ്രദക്ഷിണത്തിനുള്ളത്.
1. ഇളകാതെ ഇരുഭാഗങ്ങളിലും കൈകൾവെക്കുക.
2. വാക്കുകൊണ്ട് ദേവന്റെ നാമങ്ങളുച്ചരിക്കുക.
3. ഹൃദയത്തിൽദേവരൂപം ധ്യാനിക്കുക.
4. ഒരു പാദത്തിൽനിന്നു മെല്ലെ മറ്റേ പാദം ഊന്നിക്കൊണ്ട് മുന്നോട്ടു നീങ്ങുക എന്നീ നാലു ക്രിയയാണ് പ്രക്ഷിണത്തിനുള്ളതെന്നു അംശുമതി ആഗമം വിവരിക്കുന്നു. പ്രദക്ഷിണത്തിന്റെ രീതി എന്താവണമെന്നതാണ് അടുത്ത വിഷയം.
‘ആസന്ന പ്രസവാ നാരീ
തൈലപൂർണം യഥാ ഘടം
വഹന്തീ ശനകൈര്യാതി
തഥാ കുര്യാൽപ്രദക്ഷിണം’
അർത്ഥം: പ്രസവിക്കാറായൊരു സ്ത്രീ എണ്ണ നിറച്ചൊരു കുടം തലയിൽവച്ചു നടക്കുന്നതുപോലെ(അത്രയും സാവധാനത്തിൽ)വേണം പ്രദക്ഷിണം വെയ്‌ക്കാൻ. ഇതാണ് പ്രദക്ഷിണത്തിന്റെ ശാസ്ത്രവിധി. ഓട്ടപ്രദക്ഷിണം പാടില്ല എന്നർത്ഥം. ദേവനും ഭക്തനും ഒന്നായിത്തീരുന്ന സമ്മോഹനമായ ഒരു മുഹൂർത്തമാണ് പ്രദക്ഷിണം. മൂർത്തീഭേദമനുസരിച്ച് പ്രദക്ഷിണങ്ങളുടെ എണ്ണവും വ്യത്യാസപ്പെട്ടിരിക്കുന്നു(ഇത് കർശനമായി പാലിക്കാൻകഴിയില്ലയെങ്കിൽചെയ്യുന്ന പ്രദക്ഷിണം വിധിപോലെ ചെയ്യുക എന്നതാണ് പുതിയകാലത്തിൽഅനുയോജ്യം).
സ്മൃതിനിയമമനുസരിച്ച്,
‘ഏകം വിനായകേ കുര്യാൽ
ദ്വേ സൂര്യേ ത്രീണി ശങ്കരേ
ചത്വാരി ദേവീ വിഷ്‌ണോശ്ച
സപ്താശ്വത്ഥേ പ്രദക്ഷിണം’ എന്നാണ് പ്രദക്ഷിണ വിധി.
ഗണപതിയ്‌ക്ക് -1, സൂര്യന്-2, ശിവന് -3, ദേവിയ്‌ക്കും വിഷ്ണുവിനും- 4, ആൽമരത്തിന് -7 എന്നിങ്ങനെ പ്രദക്ഷിണം വെയ്‌ക്കണം. ഉച്ചകഴിഞ്ഞാൽആൽപ്രദക്ഷിണം പാടില്ല എന്നാണ് വിധി. ആൽപ്രദക്ഷിണ സമയത്ത് ജപിക്കാൻ ഒരു മന്ത്രം ആചാര്യർ നിർദേശിച്ചിട്ടുണ്ട്:
‘മൂലതോ ബ്രഹ്മരൂപായ
മധ്യതോ വിഷ്ണുരൂപിണേ
അഗ്രതശ്ശിവരൂപായ
വൃക്ഷരാജായതേ നമഃ’
മൂലാഗ്രത്തിൽ ബ്രഹ്മരൂപനും മധ്യഭാഗത്ത് വിഷ്ണുവും അഗ്രത്തിൽ ശിവനും കുടികൊള്ളുന്ന വൃക്ഷരാജനായ അങ്ങയെ നമിക്കുന്നു എന്നാണ് സാരം.
ഓട്ടപ്രദക്ഷിണം
ഉത്സവകാലങ്ങളിൽ ക്ഷേത്രങ്ങളിൽ ഓട്ടപ്രദക്ഷിണം നടത്താറുണ്ട്. ശ്രീഭൂതബലിയ്‌ക്കും ഉത്സവബലിയ്‌ക്കുമാണ് ഓട്ടപ്രദക്ഷിണം നടത്തുക. ചെണ്ടയെടുത്ത് മാരാരും വിളക്കു കെടാതിരിക്കാൻ പാടുപെട്ട് അമ്പലവാസിയും അവർക്കു പിറകിൽ പരീക്ഷീണനായി തന്ത്രിയും ഓടിക്കൊണ്ട് ക്ഷേത്രത്തിനു ചുറ്റും ഓടിക്കൊണ്ട് പ്രദക്ഷിണം വെക്കുന്നതാണ് ഓട്ടപ്രദക്ഷിണം. ഇത് വെറുമൊരു പ്രദക്ഷിണമല്ല. യാഥാർത്ഥത്തിൽ ഓടിക്കൊണ്ട് ബലി തൂവുകയാണ്. ശിവക്ഷേത്രത്തിലാണെങ്കിൽ’രുദ്രപാർഷഭേദ്യഃ ൂസർവേഭ്യോ ഭൂതേഭ്യോഃ നമോ നമഃ സ്വാഹാ’ എന്ന മന്ത്രം ചൊല്ലിയാണ് ഓട്ടപ്രദക്ഷിണം വെക്കുക(അതാതു ക്ഷേത്രത്തിലെ ദേവന്റെ പേരാകും ആദ്യം മന്ത്രത്തിൽചേർക്കുക). മന്ത്രത്തോടൊപ്പം കൈയിലെടുത്ത ഹവിസ്സ് ചുറ്റുപാടും ബലിതൂകുകയും ചെയ്യും. യഥാർത്ഥത്തിൽ ഈ വിധം ബലിതൂകാനാണ് ഓട്ടപ്രദക്ഷിണം നടത്തുന്നത്. അതായത്, നേരത്തെ വെവ്വേറെ എല്ലാവർക്കും വെവ്വേറെ ബലി കൊടുത്തു കഴിഞ്ഞു. ആരെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ അവർക്കെല്ലാം കൂടി എന്ന സങ്കൽപ്പമാണ് ഓട്ടപ്രദക്ഷിണത്തിന്റെ തത്ത്വം.
Comments