ക്ഷേത്രവും മനുഷ്യശരീരവും എങ്ങനെയാണ് സാധർമ്യം പുലർത്തുന്നത്? ശ്രീകോവിലിനു ചുറ്റുമുള്ള ദിക്പാലകന്മാരുടെ ധർമം എന്താണ്?
ക്ഷേത്രവും മനുഷ്യശരീരവും തമ്മിൽ അഭേദ്യബന്ധമാണുള്ളത്. പഞ്ചപ്രാകാരവും (പുറംമതിൽപ്രാകാരം), ശീവേലിപ്പുര(ബാഹ്യഹാര), വിളക്കുമാടം(മധ്യഹാര), നാലമ്പലം(അന്തഹാര), അകത്തെ ബലിവട്ടം(അന്തർമണ്ഡലം) എന്നിവയാണ് പഞ്ചപ്രാകാരങ്ങൾ) ഗർഭഗൃഹവും മനുഷ്യശരീരത്തെ ഏതുരീതിയിലാണ് പ്രതിനിധാനം ചെയ്യുന്നതെന്നു മനസ്സിലാക്കിയാൽ ക്ഷേത്രശരീരവും മനുഷ്യശരീരവും തമ്മിലുള്ള അഭേദ്യബന്ധം മനസ്സിലാക്കാം. വിശ്വകർമ്യം എന്ന ക്ഷേത്രശിൽപ്പ ഗ്രന്ഥത്തിൽഈ വിധം പറയുന്നു:
ഗർഭഗൃഹം ശിരഃ പ്രോക്തം
അന്തരാളം മുഖം തഥാ
സുഖാസനം ഗളശ്ചൈവ
ബാഹുശ്ചൈവാർദ്ധമണ്ഡപം
മഹാമണ്ഡപം കുക്ഷിസ്യാൽ
പ്രാകാരം ജാനു ജംഘയോഃ
ഗോപുരം ദേവപാദം സ്യാൽ
യദ്യേത ലക്ഷണം ശുഭം
ശിരസ്സായി ഗർഭഗൃഹത്തെ-ശ്രീകോവിലിനെ-കണക്കാക്കുന്നു. അന്തരാളം അഥവാ അകത്തെ ബലിവട്ടം(അകത്തെ പ്രദക്ഷിണവഴിയാണിത്. ദിക്പാലകന്മാരേയും സപ്തമാതൃക്കളേയും ഇവിടെ കാണാം) മുഖമായിരിക്കുന്നു. നമസ്‌കാരമണ്ഡപം(ഇവിടെവെച്ചാണ് വേദോച്ചാരണവും മറ്റും നടത്തുക) കഴുത്താണ്. നാലമ്പലം കൈകളാണ്. പുറത്തെ പ്രദക്ഷിണവഴി വയറാണ്. പുറംമതിൽ(പ്രാകാരം) മുട്ടുകളും കണങ്കാലുകളും ഗോപുരം ദേവന്റെ പാദങ്ങളുമാണ്. ദേവന്റെ പാദങ്ങളായി ഗോപുരത്തെ കണക്കാക്കുന്നതുകൊണ്ട് ഗോപുരദർശനം തന്നെ പാപങ്ങളെ ശമിപ്പിക്കുന്നു എന്നാണ് പണ്ഡിതാഭിപ്രായം.
ദിക്പാലകന്മാർ
അകത്തെ ബലിവട്ടത്തിൽ അഥവാ പ്രദക്ഷിണവഴിയിൽ (ശ്രീകോവിലുചുറ്റും) പത്തു ദിക്പാലകന്മാരെ പ്രതിഷ്ഠിച്ചിരിക്കുന്നതായി കാണാം. കിഴക്കു തുടങ്ങി പ്രദക്ഷിണമായി എട്ടു ദിക്കുകളിൽയഥാക്രമം ഇന്ദ്രൻ, അഗ്‌നി, യമൻ, നിരൃതി, വരുണൻ, വായു, കുബേരൻ, ഈശാനൻ എന്നിവരും ഊർധ്വദിക്കിൽ ബ്രഹ്മാവും അധോദിക്കിൽ അനന്തനുമാണ് ഈ ലോകപാലകന്മാർ. ശ്രീകോവിലിന്റെ തെക്കുവശത്തായി സപ്തമാതൃക്കളായ ബ്രാഹ്മി, മാഹേശ്വരി, കൗമാരി, വൈഷ്ണവി, വാരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്നിവരേയും ഒപ്പം വീരഭദ്രനേയും ഗണപതിയേയും ഒന്നിച്ചു പ്രതിഷ്ഠിച്ചിരിക്കുന്നതായി കാണാം. സപ്തമാതൃക്കൾ, പ്രപഞ്ചത്തിന്റെ സൂക്ഷ്മനിയന്ത്രണം പാലിക്കുന്നവരാണ്.
Comments