കൊച്ചി: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന നടൻ ജഗതി ശ്രീകുമാർ മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു. ‘തീമഴ തേൻ മഴ’ ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്. സംവിധായകൻ കുഞ്ഞുമോൻ താഹയാണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിർവ്വഹിക്കുന്നത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മലയാളികളുടെ ഹാസ്യ സാമ്രാട്ടിനെ ബിഗ് സ്ക്രീനിൽ കാണാനുള്ള ആവേശത്തിലാണ് ആരാധകർ.
കറുവാച്ചൻ എന്ന് വിളിപ്പേരുള്ള കറിയാച്ചൻ എന്ന കഥാപാത്രത്തെയാണ് ജഗതി അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം സിനിമയുടെ ചിത്രീകരണം ജഗതിയുടെ വീട്ടിൽ വച്ച് നടന്നിരുന്നു. രാജേഷ് കോബ്രാ അവതരിപ്പിക്കുന്ന ഉലുവാച്ചൻ എന്ന കഥാപാത്രത്തിന്റെ അച്ഛനായാണ് ജഗതി ശ്രീകുമാർ എത്തുന്നത്. സിനിമയുടെ ചിത്രീകരണം പല സ്ഥലങ്ങളിലായി പുരോഗമിക്കുകയാണ്.
ഒരു കാലത്ത് നാടിനെ വിറപ്പിച്ച ആളായിരുന്നു കറിയാച്ചൻ. തന്റെ കുടുംബവും മറ്റൊരു കുടുംബവും തമ്മിലുള്ള കുടിപ്പക കറിയാച്ചനെ വേദനിപ്പിക്കുന്നു. കുടിപ്പകയുടെ പ്രധാന കാരണക്കാർ തന്റെ കുടുംബമാണെന്ന് തിരിച്ചറിഞ്ഞ കറിയാച്ചന്റെ പ്രതികരണമാണ് സിനിമയുടെ പ്രമേയം. ശരീര ഭാഷകൊണ്ട് ശക്തമായി കറിയാച്ചനെ ജഗതി അവതിപ്പിച്ചുവെന്ന് കുഞ്ഞുമോൻ പറഞ്ഞു.
Comments