ന്യൂഡൽഹി: രാജ്യത്തെ കൊറോണ പ്രതിരോധ പ്രവർത്തനം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സമ്പൂർണ്ണ മന്ത്രിസഭാ യോഗം ഇന്ന് നടക്കും. വിവിധ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ യോഗത്തിൽ വിലയിരുത്തും. വിവിധ വകുപ്പുകളുടെ ഏകോപനം വിശദമായി അവലോകനം ചെയ്യും. രാജ്യത്ത് 18 വയസ്സിന് മുകളിലുള്ളവർക്കുള്ള വാക്‌സിനേഷൻ നാളെ തുടങ്ങാനിരിക്കെ വാക്‌സിന്റെ ലഭ്യതയും പ്രധാനമന്ത്രി സംസ്ഥാനങ്ങളെ ധരിപ്പിക്കും.
ഗുരുതരമായി രോഗം ബാധിച്ചവർക്കുള്ള ചികിത്സാ സംവിധാനങ്ങളാണ് പ്രധാനമായും അവലോകനം ചെയ്യുക. ഓക്‌സിജൻ പ്രതിസന്ധിപരിഹരിക്കുന്നതിനെ സംബന്ധിച്ച് സുപ്രീംകോടതിയും സ്ഥിതിഗതികൾ പരിശോധിക്കുന്നതിനിടയിലാണ് പ്രധാനമന്ത്രി നേരിട്ട് അവലോകനം നടത്തുന്നത്. രണ്ടു ദിവസമായി ലോകരാജ്യങ്ങളിൽ നിന്ന് വൻതോതിലുള്ള സഹായമാണ് ഇന്ത്യയ്‌ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഓക്‌സിജനും വെന്റിലേറ്ററുകളും എത്തിക്കൊണ്ടിരിക്കുകയാണ് .
പതിനഞ്ചിലേറെ രാജ്യങ്ങൾ ഇന്ത്യയ്‌ക്ക് സഹായവുമായി എത്തിയിട്ടുണ്ട്. സഹായങ്ങളുടെ രണ്ടാം ഘട്ടം ഈ ആഴ്ചിലും തുടരുമെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിക്കുന്നത്. ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ.















