തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വൈകിയേക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. ഞായറാഴ്ച എട്ടിന് തന്നെ വോട്ടെണ്ണൽ ആരംഭിക്കുമെങ്കിലും ഫലപ്രഖ്യാപനം വൈകും. തപാൽ വോട്ടുകൾ എണ്ണത്തീരാൻ സമയമെടുക്കുന്നതിനാലാണിത്. ആദ്യ ഫല സൂചനകൾ നാളെ രാവിലെ പത്ത് മണിയോടെ മാത്രമായിരിക്കും പുറത്തുവരിക.
ഇത്തവണ ട്രെൻഡ് സോഫ്റ്റ്വെയർ ഇല്ല. എന്നാൽ ഫലം കൃത്യമായെത്തുമെന്നും ടീക്കാറാം മീണ അറിയിച്ചു. തപാൽ വോട്ടിൽ തർക്കങ്ങൾ ഉണ്ടാകില്ല. ഉദ്യോഗസ്ഥർക്ക് കൃത്യമായ പരിശീലനം നൽകിയിട്ടുണ്ട്. http://result.eci.gov.in/ ൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനനുസരിച്ച് ഫലം ലഭ്യമാകുമെന്ന് ടീക്കാറാം മീണ അറിയിച്ചു.
ഇതുവരെയുള്ള കണക്കുകൾ പ്രകാരം 4,54,237 തപാൽ വോട്ടുകളാണ് എണ്ണേണ്ടത്. ഞായറാഴ്ച രാവിലെ വരെ തപാൽ ബാലറ്റുകൾ എത്തിയ്ക്കാൻ സമയമുണ്ട്. ഒരു ബാലറ്റ് എണ്ണാൻ 40 സെക്കൻഡ് വേണമെന്നതാണ് കണക്ക്. തപാൽ വോട്ടിന്റെ കണക്ക് വൈകുമെന്നതിനാൽ ഫലം പ്രഖ്യാപിക്കാൻ നാല് മണി ആയേക്കുമെന്നും ടീക്കാറാം മീണ കൂട്ടിച്ചേർത്തു.
Comments