പാലക്കാട് : കോൺഗ്രസ് എംഎൽഎ ഷാഫി പറമ്പിൽ വികസന പ്രവർത്തനങ്ങളിൽ സഹായം അഭ്യർത്ഥിച്ചതായി മെട്രോമാൻ ഇ. ശ്രീധരൻ. ഫലപ്രഖ്യാപനത്തിന് ശേഷം തന്നെ ഫോണിൽ വിളിച്ചിരുന്നു. വികസന പ്രവർത്തനങ്ങളെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ഫലപ്രഖ്യാപനത്തിന് പിന്നാലെ ശ്രീധരനെ വിളിച്ച് പിന്തുണ ആവശ്യപ്പെട്ടതായി ഷാഫി പറമ്പിലും അറിയിച്ചിരുന്നു.
ജയിച്ചാലും, പരാജയപ്പെട്ടാലും പാലക്കാടിന്റെ വികസനത്തിനായി പ്രവർത്തിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇനിയങ്ങോട്ട് അതിനായിരിക്കും പരിഗണന. സമഗ്രമായ അടിസ്ഥാന വികസനമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരാജയത്തിൽ ആരോടും പരാതിയോ പരിഭവമോ ഇല്ല. ആരെയും കുറ്റപ്പെടുത്തുന്നില്ല. സംഘടനയിലെ എല്ലാവരും നന്നായിട്ട് പ്രവർത്തിച്ചു. ജയവും തോൽവിയും എല്ലായ്പ്പോഴും ഒരുപോലെ കണ്ടാണ് ശീലം. അതുകൊണ്ടു തന്നെ ഭൂരിപക്ഷം ഉയർന്നപ്പോൾ അമിതമായി സന്തോഷിക്കുകയോ, താഴ്നപ്പോൾ നിരാശപ്പെടുകയോ ചെയ്തില്ല.
ഭാരതപ്പുഴ നവീകരണത്തിനുള്ള ഫ്രണ്ട്സ് ഒാഫ് ഭാരതപ്പുഴയുടെ പ്രവർത്തനത്തിനു പരമാവധി സമയം ചെലവഴിക്കണമെന്നാണ് ആഗ്രഹമെന്നും ശ്രീധരൻ വ്യക്തമാക്കി.
Comments