ശ്രീ പരശുരാമനാല്‍ പ്രതിഷ്ഠ നടത്തിയ നൂറ്റെട്ട് ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് തൃക്കണ്ടിയൂര്‍ മഹാദേവക്ഷേത്രം. മലപ്പുറം ജില്ലയില്‍ തിരൂരിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒരേ ദിവസം പരശുരാമന് പ്രതിഷ്ഠ നടത്തിയ മൂന്നു ക്ഷേത്രങ്ങളില്‍ ഒന്നാണിത്. രാവിലെ കോഴിക്കോട് തിരുവണ്ണൂരിലും ഉച്ചക്ക് ഫറോക്കില്‍ മണ്ണൂരിലും വൈകീട്ട് തൃക്കണ്ടിയൂരിലുമായി മൂന്ന് പ്രതിഷ്ഠകള്‍. ഈ മൂന്ന് ക്ഷേത്രങ്ങളിലും പ്രതിഷ്ഠകള്‍ നടന്ന നേരങ്ങളില്‍ ഒരേ ദിവസം പ്രാര്‍ത്ഥിക്കാന്‍ കഴിഞ്ഞാല്‍ സര്‍വ്വകാര്യ സിദ്ധിയുണ്ടാകുമെന്നാണ് പറയപ്പെടുന്നത്. എ.ഡി. 823-ല്‍ ചേരമാന്‍ പെരുമാളാണ് ഈ ക്ഷേത്രം പണിതതെന്നാണ് വിശ്വാസം.
മൂന്ന് ഏക്കര്‍ വിസ്തൃതിയുണ്ട് ക്ഷേത്രപറമ്പിന്. ചുറ്റുമതില്‍ കെട്ടി ഭദ്രമാക്കിയ ക്ഷേത്രപറമ്പിന്റെ നാല് ഭാഗത്തും പ്രവേശന കവാടങ്ങളുണ്ട്. കിഴക്കു ദര്‍ശനമായുള്ള ഈ ക്ഷേത്രത്തില്‍ സ്വയംഭൂലിംഗമാണ്. മഹാദേവന് ഇവിടെ ധ്യാനവസ്ഥയിലുള്ള ഭാവമാണ് ..ഗജ പ്രതിഷ്ഠ ആകൃതിയിലാണ് ശ്രീകോവിലില്‍. സോപാനത്തിലും മണ്ഡപത്തിലും നന്ദികേശനുമുണ്ട്. ക്ഷേത്രത്തിന് മുന്നില്‍ അതിവിശാലമായ ചിറ കാണാം. വടക്കുഭാഗത്ത് മഹാവിഷ്ണു. ചതുര്‍ബാഹുവായി പ്രതിഷ്ഠ. മഹാവിഷ്ണു ഇവിടെ പ്രധാന ദേവനാണ്. ക്ഷേത്ര പ്രതിഷ്ഠ നടത്തിയ പരശുരാമനെ ചുറ്റമ്പലത്തില്‍ പടിഞ്ഞാറോട്ട് ദര്‍ശനമായി ആരാധിച്ചു വരുന്നു.
പ്രതിഷ്ഠ നടന്നത് പ്രദോഷ കാലത്തായതിനാലായിരിക്കണം ദേവന് പ്രദോഷ ശിവനായും അറിയപ്പെടുന്നു. അതുവഴി പ്രദോഷ വ്രതത്തിന് വലിയ പ്രാധാന്യം കല്പിക്കപ്പെടുന്നു. പ്രദോഷ സമയത്ത് ശിവങ്കല്‍ അഭിഷേകം നടത്തുന്നതും കൂവളാര്‍ച്ചന നടത്തുന്നതും മറ്റും അത്യന്തം പുണ്യപ്രദമാണ്. ഈ സമയത്ത് സമസ്ത ദേവന്മാരും ശിവസാമീപ്യത്തില് ഉണ്ടാവുമെന്നാണ് വിശ്വാസം. തൃക്കണ്ടിയൂര്‍ ക്ഷേത്രത്തില്‍ നന്ദികേശ്വരന് ഏറെ പ്രാധാന്യം കല്പിക്കുന്നുണ്ട്. ഗണപതി, പരശുരാമന്, അതിമഹാകാളന്, നാഗങ്ങള്‍,വേട്ടക്കാരന്, പത്നീസമേതനായി ധര്‍മശാസ്താവ് എന്നിവയാണ് ഉപദേവ പ്രതിഷ്ഠകള്‍.തുലാം മാസത്തില്‍ കറുത്ത സപ്തതി മുതല്‍ കറുത്തവാവു വരെയാണ് ഇവിടെ ഉത്സവം.
Comments