കൊട്ടാരക്കരയിൽ രണ്ട് ശിവക്ഷേത്രങ്ങളാണ് പ്രധാനം. കിഴക്കേക്കര ശിവക്ഷേത്രവും പടിഞ്ഞാറ്റിൻകര ശിവക്ഷേത്രവും. കിഴക്കേക്കര ശിവക്ഷേത്രം അകവൂർ, ഊമൻപള്ളി എന്നീ നമ്പൂതിരിക്കുടുംബങ്ങളുടെ അധികാരത്തിലും പടിഞ്ഞാറ്റിൻകര ശിവക്ഷേത്രം ഇളയിടത്ത് രാജകുടുംബത്തിന്റെയും അധികാരത്തിലുമായിരുന്നു.
പടിഞ്ഞാറ്റിൻകര ക്ഷേത്രത്തിന്റെ നിർമ്മാണ മേൽനോട്ടം ഉളിയന്നൂർ പെരുംതച്ചന് ആയിരുന്നു. ക്ഷേത്ര നിർമ്മാണത്തിനിടയിൽ അദ്ദേഹം പ്ലാന്തടിയിൽ ഒരു ചെറിയ ഗണപതി വിഗ്രഹം ഉണ്ടാക്കി. അദ്ദേഹം ഈ വിഗ്രഹവുമായി പ്രധാന പുരോഹിതനെ സമീപിച്ച് ശിവപ്രതിഷ്ഠക്കുശേഷം ഈ ഗണപതി വിഗ്രഹം കൂടി പ്രതിഷ്ഠിക്കണം എന്ന് ആവശ്യപ്പെട്ടു. എന്നാൽ അദ്ദേഹം പെരുന്തച്ചന്റെ അപേക്ഷ നിരസിച്ചു. ഇവിടെ ശിവനെയാണ് പ്രതിഷ്ഠിയ്‌ക്കേണ്ടതെന്നും ബ്രാഹ്മണനായ തന്നെക്കാൾ അറിവ് പെരുന്തച്ചന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നിരാശനായ പെരുന്തച്ചൻ കിഴക്കേക്കര ശിവക്ഷേത്രത്തിൽ എത്തി. അപ്പോൾ അവിടുത്തെ പുരോഹിതൻ ശിവനു നിവേദിക്കാനായി കൂട്ടപ്പം ഉണ്ടാക്കുകയായിരുന്നു. പെരുന്തച്ചൻ അദ്ദേഹത്തോട് ഗണപതിയെ അവിടെ പ്രതിഷ്ഠിക്കാമോ എന്ന് ചോദിച്ചു. പുരോഹിതൻ സമ്മതിക്കുകയും പെരുന്തച്ചൻ ഗണപതിയെ തെക്കോട്ട് ദർശനമായി പ്രതിഷ്ഠിക്കുകയും ചെയ്തു. അനന്തരം പെരുന്തച്ചൻ പുരോഹിതനോട് ചോദിച്ചു ‘ഉണ്ണിഗ്ഗണപതി എന്തായാലും വിശന്നിരിക്കുകയാവും. എന്താണ് ഇന്ന് നൈവേദ്യത്തിൻ ഉണ്ടാക്കിയിരിക്കുന്നത്?’ ‘കൂട്ടപ്പം’ (ഉണ്ണിയപ്പം) പുരോഹിതൻ പറഞ്ഞു. ഒരു ഇലയിൽ ഏഴ് കൂട്ടപ്പങ്ങൾ കൊരുത്തത് പെരുന്തച്ചൻ ഗണപതിക്ക് നിവേദിച്ചു. സന്തുഷ്ടനായ പെരുന്തച്ചൻ ‘ഇവിടെ മകൻ അച്ഛനെക്കാൾ പ്രശസ്തനാകും’ എന്ന് പറഞ്ഞു. ആ പ്രവചനം പിൽക്കാലത്ത് സത്യമായി. ഇന്ന് ഈ ക്ഷേത്രം ശിവക്ഷേത്രം എന്നതിലുപരി ഗണപതിക്ഷേത്രം എന്ന പേരിലാണ് പ്രശസ്തം.
അമ്പലപ്പുഴ പാൽപായസം പോലെ പ്രസിദ്ധമാണ് കൊട്ടാരക്കര ഉണ്ണിയപ്പവും. ഒരെണ്ണം തിന്നാല് വീണ്ടും വേണമെന്നു തോന്നും. പ്രത്യേകരുചിക്കൂട്ടില് തയ്യാറാക്കി പഞ്ചസാര മേമ്പൊടി തൂവിയെത്തുന്ന ഉണ്ണിയപ്പത്തിലെ ഗണപതികടാക്ഷവും വിശ്വാസികള്ക്ക് ഇരട്ടിരുചിയേകുന്നു.
പെരുന്തച്ചനാല് പ്രതിഷ്ഠിക്കപ്പെട്ട ഗണപതി ക്ഷേത്രത്തില് ആദ്യമര്പ്പിച്ച നൈവേദ്യത്തിന്റെ തുടർച്ചയാണ് ഇപ്പോഴും തുടരുന്നതെന്നാണ് വിശ്വാസം. കൊട്ടാരക്കരയിലും പരിസരങ്ങളിലും മിക്ക വീടുകളിലെയും വിശേഷങ്ങള്ക്ക് ഉണ്ണിയപ്പം ഒഴിച്ചുകൂടാനാവാത്തതാണ്.
പണ്ട് ഉണ്ണിയപ്പം ചുടുമ്പോള് കിലോമീറ്ററുകള്ക്കകലെ വരെ അതിന്റെ വശ്യമായ ഗന്ധം എത്തുമായിരുന്നത്രെ. തിരുവല്ലയില് നിന്ന് പ്രത്യേകം തയ്യാറാക്കുന്ന പതിയന് ശര്ക്കര, വെളിച്ചെണ്ണയും നെയ്യും സമാസമം ചേര്ത്തായിരുന്നു ഉണ്ണയപ്പം ചുടുന്നത് ഇപ്പോള് ശര്ക്കരയുടെ ഗുണനിലവാരം കുറഞ്ഞത് രുചിയെ ബാധിച്ചിട്ടുണ്ടെങ്കിലും ഉണ്ണിയപ്പകീര്ത്തി കൂടിയിട്ടുണ്ട്.
ചേരുവകള് പുറത്തുപറയാമെങ്കിലും അളവുകള് രഹസ്യമാണ്. അരിപ്പൊടി, ശര്ക്കരപാനി, ചുക്ക്‌പൊടി, ഏലക്കാപൊടി, പാളയന്തോടന് പഴം, നാളീകേരം, നെയ്യ് എന്നിവയാണ് ചേരുവകള്. വെളിച്ചെണ്ണയില് പാചകം ചെയ്യുന്നു. മേമ്പൊടിയായി പഞ്ചസാര തൂവും. 36 കുഴിയുള്ള എട്ട് കാരയിലായി ഒരേസമയം 288 ഉണ്ണിയപ്പം ചുട്ടെടുക്കും. രാവിലെ 6.30 മുതല് 11.15 വരെയും വൈകീട്ട് 5.05 മുതൽ 7.45 വരെയും ഉണ്ണിയപ്പം ലഭിക്കും. തിങ്കള്, ബുധന് ചിലപ്പോള് വ്യാഴം ദിവസങ്ങളിലുമായി ഉദയാസ്തമപൂജ നടക്കും. ഇഷ്ടകാര്യസിദ്ധിക്കായാണ് ഇത്. ഉദയം മുതല് അസ്തമയം വരെ ഉണ്ണിയപ്പം വാർത്ത് നിവേദിക്കുന്ന ചടങ്ങാണിത്. അതിനു പിന്നിലുമൊരു ഐതിഹ്യമുണ്ട്.
കുട്ടികളില്ലാത്ത ദുഖം പേറി നടന്ന കൊട്ടാരക്കര തമ്പുരാന് ഒരു മകനുണ്ടായാൽ ഉണ്ണിഗണപതിയെ ഉണ്ണിയപ്പം കൊണ്ട് മൂടാമെന്ന് പെരുന്തച്ചൻ വാക്കുകൊടുത്തു. ഉണ്ണി പിറന്നപ്പോൾ ഉണ്ണിയപ്പം എത്ര വാർത്തിട്ടും ഗണപതിയെ മൂടാൻ തികയാതായി. ദുഖിതനായ തമ്പുരാൻ ഉദയം മുതൽ അസ്തമയം വരെ ഉണ്ണിയപ്പം ഉണ്ടാക്കി ഗണപതിക്ക് നൈവേദ്യമൊരുക്കാമെന്ന് മനമുരുകി പ്രാർത്ഥിച്ചു. അന്നു മുതലാണ് ഉദയാസ്തമയപൂജ തുടങ്ങിയത്. ഈ ദിവസങ്ങളില് വഴിപാട് നടത്തുന്നവർക്കു മാത്രമാണ് ഉണ്ണിയപ്പം. 40,000 രൂപയാണ് ഉദയാസ്തമയപൂജയ്‌ക്ക്. 2026 വരെ എല്ലാ ഉദയാസ്തമയ പൂജകളും ബുക്ക് ചെയ്തിരിക്കുകയാണ്.
കൊട്ടാരക്കര ക്ഷേത്രം ശിവക്ഷേത്രമാണ്. പക്ഷെ ഖ്യാതി ഉപദേവനായ ഗണപതിക്കാണ്. അവിടെ ശ്രീകോവിലിനുവെളിയിൽ തെക്കോട്ട് മുഖമായി പെരുന്തച്ചൻ തന്നെ പ്രതിഷ്ഠിച്ച വിഗ്രഹമാണ് ഇന്നും നാടിന്റെ ചൈതന്യമായി ഭക്തജനങ്ങൾക്ക് അനുഗ്രഹം ചൊരിഞ്ഞ് കൊട്ടാരക്കര ഗണപതിയായി വിരാജിക്കുന്നത്. ഉത്സവം അരങ്ങേറുന്നത് ശിവസന്നിധിയിലാണ്. കുംഭത്തിലെ ശിവരാത്രിയാണ് പ്രധാന ഉത്സവം.
വിനായകചതുർഥി, ആയില്യംമകം, നവരാത്രി, പ്രതിഷ്ഠാദിനം, തൈപൂയ്യം, വിഷു, മേടത്തിരുവാതിര എന്നിവയും വിശേഷമാണ്.
സദാശിവസമാരംഭാം
ശങ്കരാചാര്യമധ്യമാം
അസ്മദാചാര്യപര്യന്താം
വന്ദേ ഗുരുപരമ്പരാം.
മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു.
Comments