സുരേഷ് ഗോപിയും ശോഭനയും ഏറെ നാളുകൾക്ക് ശേഷം ഒന്നിച്ച ചിത്രമായിരുന്ന ‘വരനെ ആവശ്യമുണ്ട്’. 2020 ൽ പുറത്തിറങ്ങിയ ചിത്രം മികച്ച വിജയമായിരുന്നു കരസ്തമാക്കിയത്. കുടുംബ പ്രേക്ഷകരുടെ പ്രിയ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ സുരേഷ് ഗോപിയ്‌ക്കും ശോഭനയ്‌ക്കും പുറമെ ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.
ഇപ്പോൾ ചിത്രത്തിലെ ഡിലീറ്റഡ് സീൻസ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സംവിധായകൻ അനൂപ് തന്നെയാണ് തന്റെ യൂട്യൂബിലൂടെ സീൻസ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രങ്ങളിലെ സീനുകൾക്ക് പുറമെ പാട്ടിന്റെ ഭാഗങ്ങളും ഉൾപ്പെടുത്തിയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. സിനിമയിൽ പ്രധാന റോളിലെത്തിയ സംവിധായകൻ ജോണി ആന്റണിയും വീഡിയോ തന്റെ സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ഏകദേശം 40 മിനിറ്റോളം വരുന്ന ഡിലീറ്റഡ് സീൻസ് പല വീഡിയോകളാക്കിയാണ് ഇറക്കിയിരിക്കുന്നത്.
ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി നിര്‍മിച്ച ചിത്രം കൂടെയാണ് വരനെ ആവശ്യമുണ്ട്. ചിത്രം 28 കോടി കളക്ഷന്‍ ആണ് തിയേറ്ററില്‍ നിന്ന് സ്വന്തമാക്കിയത്.















