വർക്കല: വർക്കല ഇടവ കടപ്പുറത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളി വള്ളം അപകടത്തിൽപ്പെട്ട് മരിച്ചു. ഇന്ന് പുലർച്ചെ കടലിൽ പോയ നാലംഗ സംഘത്തിലെ സഹീദ് മൻസിലിൽ ഖസാലിയുടെ മകൻ സഹീദ് ആണ് മരണപ്പെട്ടത്. 41 വയസായിരുന്നു സഹീദിന്. ഓടയം സ്വദേശി ആണ്.
ഇന്ന് പുലർച്ചെ 4.30യോടെയാണ് ആലിയ എന്ന വള്ളത്തിൽ ഇടവ കടപ്പുറത്ത് നിന്നും നാലംഗ സംഘം മത്സ്യബന്ധനത്തിന് പോയത്. യാത്രയ്ക്കിടെ വള്ളത്തിന്റെ എൻജിൻ തകരാറിലായി. തുടർന്ന് ഇവർ തിരിച്ചു വരാൻ ശ്രമിക്കുന്നതിനിടെയുണ്ടായ ശക്തമായ തിരയിൽ സഹീദ് വള്ളത്തിൽ നിന്നും തെറിച്ചു വീഴുകയായിരുന്നു.
ഇടവ സ്വദേശികളായ ഷാഹീർ , മൻസൂർ , പരവൂർ സ്വദേശിയും സഹീദിന്റെ ഭാര്യ സഹോദരനുമായ നഹാസ് എന്നിവരാണ് വള്ളത്തിൽ കൂടെ ഉണ്ടായിരുന്നത്. ഇവർ കയറിട്ട് സഹീദിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല. രാവിലെ 6.45 ഓടെ ഓടയം പള്ളിക്ക് സമീപമുള്ള കടപ്പുറത്ത് സഹീദിന്റെ മൃതദേഹം അടിയുകയായിരുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
Comments