മലയാള സിനിമാ ലോകത്തെ പ്രിയ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് മോഹൻലാൽ. ഫെയ്സ്ബുക്കിൽ സുരേഷ് ഗോപിയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് മോഹൻലാൽ ആശംസകൾ അറിയിച്ചത്. ഹാപ്പി ബർത്ത്ഡേ പ്രിയപ്പട്ട സുരേഷ് ഗോപി എന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
നടൻ ഉണ്ണി മുകുന്ദനും സുരേഷ് ഗോപിയ്‌ക്ക് ഫെയ്സ്ബുക്കിലൂടെ പിറന്നാൾ ആശംസകൾ നേർന്നു.
ഇത് തന്റെ ഇഷ്ടക്കാരുടെ ആഘോഷമാണെന്നാണ് പിറന്നാൾ ദിനത്തിൽ സുരേഷ് ഗോപി മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. നടൻ എന്നതിലുപരി രാഷ്‌ട്രീയ ജീവിതത്തിലെ ശക്തനായ നേതാവായി മാറിയിരിക്കുകയാണ് ഇന്ന് സുരേഷ് ഗോപി. 66-ാം പിറന്നാൾ ആഘോഷിക്കുമ്പോൾ മൂന്നാം മോദി സർക്കാരിന്റെ പെട്രോളിയം, പ്രകൃതി വാതകം, ടൂറിസം വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്ര-സഹ മന്ത്രിയാണ് അദ്ദേഹം.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേടിയ വിജയത്തിനും സുരേഷ് ഗോപിക്ക് മോഹൻലാൽ ആശംസകൾ അറിയിച്ചിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ മലയാളി പ്രേക്ഷകരുടെ മനസിൽ എക്കാലത്തും നിറഞ്ഞുനിൽക്കുന്നതാണ്. അതിൽ എടുത്തുപറയേണ്ട സിനിമയാണ് ‘മണിച്ചിത്രത്താഴ്’. ചിത്രത്തിലെ ഇരുവരുടെയം പ്രകടനം മലയാള സിനിമാ ലോകത്തിന് തന്നെ അഭിമാനമായിരുന്നു.
അഞ്ച് വയസുള്ളപ്പോൾ ബാലതാരമായാണ് സുരേഷ് ഗോപി സിനിമാ മേഖലയിലേക്ക് കടന്നുവരുന്നത്. ‘ഓടയിൽ നിന്ന്’ എന്ന സിനിമയാണ് അദ്ദേഹത്തിന്റെ അരങ്ങേറ്റ ചിത്രം. തുടർന്ന് പഠനത്തിന് ശേഷം മോഹൻലാൽ നായകനായെത്തിയ രാജാവിന്റെ മകൻ എന്ന സിനിമയിൽ വില്ലൻ കഥാപാത്രമായാണ് സുരേഷ് ഗോപി പ്രത്യക്ഷപ്പെട്ടത്. ഇത് ജനഹൃദയങ്ങൾ ഏറ്റെടുത്തതോടെ പിന്നീട് സിനിമാ ലോകത്തിൽ വച്ചടി വച്ചടി കയറ്റമായിരുന്നു ഈ ജനനായകന്.