പാലക്കാട് : നെന്മാറയിൽ കാമുകിയെ വീടിനുള്ളിൽ തടവിൽ പാർപ്പിച്ച സംഭവം സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അന്വേഷിക്കും. സജിതയ്ക്ക് നേരെ മനുഷ്യാവകാശ ലംഘനം ഉണ്ടായിട്ടോ എന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് അന്വേഷണം. ഇന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം ഡോ. കെ.ബൈജുനാഥ് സജിതയുമായും റഹ്മാനുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
മനുഷ്യാവകാശ കമ്മീഷൻ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഇൻവെസ്റ്റിഗേഷൻ) ടോമിൻ ജെ തച്ചങ്കരിക്കാണ് അന്വേഷണ ചുമതല. ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. റിപ്പോർട്ട് കിട്ടിയശേഷം കേസ് പരിഗണിക്കും.
സജിത അനുഭവിച്ചത് മനുഷ്യാവകാശ ലംഘനമാണെന്ന് വ്യാപക പരാതി ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷൻ അംഗം നെന്മാറയിൽ നേരിട്ടെത്തി ഇരുവരുമായും കൂടിക്കാഴ്ച നടത്തിയത്. ഇതിന് പിന്നാലെയായിരുന്നു അന്വേഷണത്തിന് ഉത്തരവിട്ടത്.
Comments