ന്യൂഡൽഹി: പ്ലസ് വൺ പരീക്ഷ റദ്ദാക്കില്ലെന്ന് സുപ്രീം കോടതിയെ അറിയിച്ച് സംസ്ഥാന സർക്കാർ. കൊറോണ പ്രൊട്ടോക്കോൾ പാലിച്ച് സെപ്തംബറിൽ പരീക്ഷ നടത്താൻ സജ്ജമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം സുപ്രീം കോടതിയിൽ നോട്ടീസ് നൽകി. പരീക്ഷ റദ്ദാക്കുന്നത് കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്നും സർക്കാർ അറിയിച്ചു.
പ്ലസ് വൺ പരീക്ഷ റദ്ദാക്കുന്ന വിഷയത്തിൽ സർക്കാർ നിലപാട് ഉടനെ അറിയിക്കണമെന്ന് സുപ്രീം കോടതി ഇന്നലെ അറിയിച്ചിരുന്നു. നിലപാട് അറിയിച്ചില്ലെങ്കിൽ ഹർജിയിൽ സ്വയം ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് കോടതി വ്യക്തമാക്കിയത്.
നിലപാട് അറിയിക്കാൻ ഒരാഴ്ചത്തെ സമയം കൂടി അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ കേസിൽ കൂടുതൽ സമയം അനുവദിക്കാനാവില്ലെന്നും ബുധനാഴ്ച തന്നെ നിലപാട് വ്യക്തമാക്കണമെന്ന് കോടതി നിർദ്ദേശിക്കുകയായിരുന്നു.
സെപ്റ്റംബർ ആറ് മുതൽ 16 വരെ പ്ലസ് വൺ പരീക്ഷ നടത്താനാണ് സംസ്ഥാന സർക്കാർ തീരുമാനം. കൊറോണയുടെ പശ്ചാത്തലത്തിൽ പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാർത്ഥികളും രക്ഷിതാക്കളുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. രക്ഷിതാക്കളുടെ ഹർജിയിൽ ജസ്റ്റിസ് എ എം ഖാൻവിൽക്കർ അദ്ധ്യക്ഷനായ ബെഞ്ചാണ് സർക്കാരിന്റെ നിലപാട് തേടിയത്.
Comments