ബ്രസീലിയ: കോപ്പാ അമേരിക്കയിൽ ഗ്രൂപ്പ് ഏയിലെ ടീമുകളുടെ അവസാനവട്ട ഏറ്റുമുട്ടൽ ഇന്ന്. കിരീട പ്രതീക്ഷയുമായി അർജ്ജന്റീനയും ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഉറുഗ്വേയ്‌ക്കും ഇന്ന് ഇറങ്ങും. മികച്ച ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരാകാനാണ് അർജ്ജന്റീന തയ്യാറെടുക്കുന്നത്. നാലാം സ്ഥാനക്കാരായ ബൊളീവിയയാണ് എതിരാളികൾ. രണ്ടാം മത്സരത്തിൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തേക്ക് എത്താനായി ഉറുഗ്വേയ്‌ക്കും ജയം അനിവാര്യ മാണ്. രണ്ടാം സ്ഥാനക്കാരായ പരാഗ്വയാണ് എതിരാളികൾ.
ആറു മാറ്റങ്ങളോടെയാണ് അർജ്ജന്റീന ഇറങ്ങുന്നത്. മെസ്സിയുടെ നേതൃത്വത്തിലെ ടീമിൽ ഇന്ന് ഒരു തവണയെങ്കിലും മഞ്ഞകാർഡ് കണ്ട ആരേയും കളിപ്പിക്കേണ്ടെന്നാണ് തീരുമാനം. എമിലിയാനോ മാർട്ടിനസ്, ലൂക്കാസ് മാർട്ടിനസ്, ജിയോ സെൽസോ, ലിയാൻഡ്രോ പരേദെസ്, ജോക്വിൻ കൊറയ, ലോറേറ്റോ മാർട്ടിനസ് എന്നിവരാണ് പുറത്താകലിന് ഒരു കാർഡ് അകലെ നിൽക്കുന്നത്. മെസ്സിയും അഗ്വിറോയും ഇന്ന് മുന്നേറ്റനിരയെ നയിക്കും.
രണ്ടാം മത്സരം ഉറുഗ്വയും പരാഗ്വയും തമ്മിലാണ്. ബൊളീവിയയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് ഉറുഗ്വേ പ്രതീക്ഷ കാത്തത്. പരാഗ്വേയ്‌ക്കെതിരെ മേൽകൈ യുള്ള ടീമാണ് ഉറുഗ്വേ. ലൂയിസ് സുവാരസ്, എഡിസൺ കവാനി എന്നീ ലോകോത്തര സ്‌ട്രൈ ക്കർമാരാണ് ഉറുഗ്വേയുടെ കരുത്ത്. ഒപ്പം റോഡ്രിഗോ ബെന്റാൻകറും ഫെഡ്രികോ വാൽവാർ ദേയും മധ്യനിരകാക്കും. പരാഗ്വയ്‌ക്കായി കളംനിറയുക ഗസ്റ്റാവോ ഗോമസ്, മിഗ്വൽ അൽമി റോൺ, ഫാബിയാന്ഡ ബാൽബുയേന എന്നിവരാണ്.















