ബംഗളൂരു : ബംഗളൂരുവിൽ പോലീസ് സ്റ്റേഷനുകളും വീടുകളും വാഹനങ്ങളും ആക്രമിച്ച് തകർത്തതുമായി ബന്ധപ്പെട്ട് ഒരു അറസ്റ്റ് കൂടി. മതതീവ്രവാദി സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ സംഘടനയായ എസ്.ഡിപി.ഐയുടെ പ്രസിഡന്റാണ് എൻ.ഐ.എയുടെ പിടിയിലായത്. മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന എസ്.ഡി.പി.ഐ നഗവാര പ്രസിഡന്റ് സയ്യദ് അബ്ബാസ് ആണ് അറസ്റ്റിലായത്.
2020 ഓഗസ്റ്റ് 11 ന് കെജി ഹള്ളിയിൽ നടന്ന കലാപത്തിന്റെ പ്രധാന സൂത്രധാരനാണ് ഇയാളെന്ന് എൻ.ഐ.എ വ്യക്തമാക്കി. ഇയാളും കൂടെയുള്ള മറ്റ് എസ്.ഡി.പി.ഐ – പോപ്പുലർ ഫ്രണ്ട് നേതാക്കളും ചേർന്നാണ് കലാപം ആസൂത്രണം ചെയ്തത്. സയ്യദ് അബ്ബാസിനെ കോടതിയിൽ ഹാജരാക്കി ആറു ദിവസത്തെ കസ്റ്റഡിയിൽ വാങ്ങി.
കെജി ഹള്ളി പോലീസ് സ്റ്റേഷൻ കത്തിച്ച കലാപകാരികൾ നിരവധി പോലീസുകാരെ ആക്രമിക്കുകയും വാഹനങ്ങളും മറ്റും തകർക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ തീവ്രവാദ സാന്നിദ്ധ്യം ഉണ്ടെന്ന് വ്യക്തമായതോടെ എൻ.ഐ.എ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. ഇതുവരെ 138 പേരാണ് എൻ.ഐ.എ പ്രതിപ്പട്ടികയിൽ ഉള്ളത്.
കോൺഗ്രസ് നേതാവിന്റെ ബന്ധു പ്രവാചകനെ സാമൂഹ്യമാദ്ധ്യമങ്ങളിൽ വിമർശിച്ചുവെന്ന് ആരോപിച്ചാണ് പോപ്പുലർ ഫ്രണ്ടും എസ്.ഡി.പി.ഐയും ബംഗളൂരുവിൽ വൻ കലാപം നടത്തിയത്. ഹിന്ദുദൈവങ്ങളെ അവഹേളിച്ചതിന് മറുപടി നൽകവേ പ്രവാചകനെ നിന്ദിച്ചു എന്നായിരുന്നു കലാപകാരികളുടെ ആരോപണം.
Comments