റോം: യൂറോകപ്പിൽ ഇന്ന് ഇറ്റലിയും ബെൽജിയവും തമ്മിലുള്ള ഏറ്റുമുട്ടൽ തീപാറും. ഇത്തവണ കിരീട സാദ്ധ്യത ഏറെ കൽപ്പിക്കപ്പെടുന്ന ടീമായാണ് ഇറ്റലി വീറോടെ മുന്നേറുന്നത്. അതേ സമയം ലോക ഫുട്‌ബോളിലെ ഒന്നാം സ്ഥാനക്കാരായ ബെൽജിയം രണ്ടുംകൽപ്പിച്ചാണ്.
റോബർട്ടോ മാൻചീനിയെന്ന പരിശീലകൻ തികഞ്ഞ ഭാഗ്യശാലിയാണ്. കയ്യിലുള്ള 24 താരങ്ങളും ഒന്നിനൊന്ന് കേമന്മാർ. ആരെ ഇറക്കിയാലും എതിരാളികൾക്ക് ഭീഷണിയാണ്. 31 കളികളുടെ അപരാജിത കുതിപ്പാണ് അസൂറികളെ യൂറോയിലെ ഇഷ്ടടീമാക്കുന്നത്
യൂറോപ്പിലെ കഴിഞ്ഞ സീസണിലെ ഗോൾവേട്ടക്കാരനായ സിർകോ ഇമ്മൊബിലേയും ഇൻസൈനും ചെസിയയും ബെറാർഡിയും മുന്നേറ്റ നിരയിലെ പകരംവയ്‌ക്കാനില്ലാത്ത താരങ്ങളാണ്. മദ്ധ്യനിരയിൽ ചെലിന്നിയും ലോകാട്ടെല്ലിയും ജോർജ്ജീനിയും മാർകോ വെറാറ്റിയും കളം നിറയും. ഗോൾവല കാക്കുന്ന ഗിയാൻലൂജി ഡോണാറുമ അപ്രതിരോധ്യ കരുത്തോടെയാണ് നിൽക്കുന്നത്.
ബെൽജിയത്തിന് ഇന്ന് ആശങ്ക പരിക്കുകളെയാണ്. ക്യാപ്റ്റൻ ഏഡൻ ഹസാർഡ് എന്ന പ്രതിഭയയ്‌ക്കും തികഞ്ഞ പ്ലേമേക്കറായ കെവിൻ ഡിബ്രൂയിനും പരിക്കേറ്റതിനാൽ കളിക്കാനാകില്ല. എന്നാൽ ലോകോത്തര സ്‌ട്രൈക്കറായ റെമേലു ലൂക്കാക്കു ഒറ്റയ്‌ക്ക് കളി ജയിപ്പിക്കാൻ ശേഷിയുള്ള താരമാണ്. ഒപ്പം തോർഗൻ ഹസാർഡെന്ന കുന്തമുന ഏതു പ്രതിരോധവും തകർക്കും.പ്രതിരോധനിരയിൽ തോമസ് മ്യൂനിയറും തിലേമാൻസും വിൻസന്റ് കോമ്പനിയും കളം നിറഞ്ഞാൽ ഇറ്റലി വിയർക്കും. ഗോൾവല കാക്കുന്നത് തിയാബൗട്ട് കോർട്ടോയിസെന്ന പ്രതിഭയാണ്.















