തിരുവനന്തപുരം : കോപ്പ അമേരിക്ക കപ്പിൽ ബ്രസീലിനെ തോൽപ്പിച്ച് അർജന്റീന കിരീടം ചൂടിയതിന്റെ ആവേശത്തിലാണ് അർജന്റീന ആരാധകർ. മുഖ്യമന്ത്രി പിണറായി വിജയനും അർജന്റീനയ്ക്ക് അഭിനന്ദനങ്ങൾ നേർന്ന് രംഗത്തെത്തിയിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ രസാവഹമായ കമന്റുകളാണ് ആരാധകരുടേതായി വന്നു കൊണ്ടിരിക്കുന്നത്.
വരുന്ന ലോകകപ്പിൽ മുത്തമിടുന്ന അർജന്റീന ആണ് ഞങ്ങൾ അർജന്റീന ആരാധകരുടെ സ്വപ്നം. ദയവായി ആ സ്വപ്നം ഇല്ലാതാക്കരുതെന്നാണ് ഒരു കമന്റിൽ ചൂണ്ടിക്കാട്ടുന്നത്. അർജന്റീന ടീമിന്റെ ഭാവിയുടെ കാര്യത്തിൽ തീരുമാനമായെന്ന് മറ്റൊരാൾ ആശങ്കപ്പെടുന്നു. മത്സരത്തിനു മുൻപ് താങ്കൾ ആശംസ നേരാഞ്ഞതിൽ എപ്പോഴും നന്ദിയുണ്ടായിരിക്കുമെന്നാണ് മറ്റൊരു കമന്റിൽ പറയുന്നത്.
“സാറിന്റെ പോസ്റ്റ് പത്തു വട്ടം വായിച്ചു, മുഖ്യൻ എവിടെയും അർജന്റ്റീനയെ പ്രശംസിച്ചില്ല… അത് കൊണ്ട് തന്നെ അർജന്റ് മുന്നോട്ടുള്ള പ്രയാണത്തിന് ഒരു മാൻഡ്രേക്ക് തടസവും കാണുന്നില്ല.അർജന്റീനയ്ക്ക് ആശംസകൾ അർപ്പിക്കാത്തതിനാൽ മുഖ്യൻ പിണറായിയോട് ജീവിധത്തിൽ ആദ്യമായി നന്ദി പറയുന്നു.അതും അർജന്റീനിയൻ ഫുട്ബോൾ ടീമിന് വേണ്ടി നന്ദി “ എന്ന് ഒരു ആരാധകൻ മറുപടി പറയുന്നു.
മുഖ്യമന്ത്രിയുടെ മാൻഡ്രേക്ക് എഫക്ട് സാമൂഹ്യമാദ്ധ്യമങ്ങളിൽ നിരവധി തവണ പരിഹാസങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്. പിണറായി വിജയൻ ആശംസിച്ചാൽ കളിയിൽ തോൽക്കുമെന്നും ആയുരാരോഗ്യ സൗഖ്യം ആശംസിച്ചാൽ ആൾ മരിച്ചു പോകുമെന്നുമൊക്കെയുള്ള നിരവധി ട്രോളുകൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഈ സാഹചര്യത്തിലാണ് അർജന്റീന ആരാധകരുടെ മറുപടി.
Comments