ലക്നൗ : ഭീകരരെ പിടികൂടിയതിന് പിന്നാലെ മഥുരയിൽ സുരക്ഷ ശക്തമാക്കി പോലീസ്. ശ്രീകൃഷ്ണ ജന്മസ്ഥാൻ, വൃന്ദാവനിലെ താക്കൂർ ബൻകേ ബിഹാരി ക്ഷേത്രം തുടങ്ങീ പ്രധാന സ്ഥലങ്ങളിലാണ് സുരക്ഷ വർദ്ധിപ്പിച്ചിരിക്കുന്നത്. ഭീകരാക്രമണ സാദ്ധ്യത കണക്കിലെടുത്താണ് നടപടി.
ബസ് സ്റ്റാന്റുകൾ, റെയിൽവേ സ്റ്റേഷൻ, ഓയിൽ റിഫൈനറി എന്നിവിടങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. താക്കൂർ ബൻകേ ബിഹാരി ക്ഷേത്രത്തിൽ എൻഎസ്ജി സംഘത്തെയുൾപ്പെടെ വിന്യസിച്ചിട്ടുണ്ട്. പ്രധാന സ്ഥലങ്ങളിലെ സുരക്ഷാ സ്ഥിതിഗതികൾ ഉന്നത ഉദ്യോഗസ്ഥർ നിരന്തരം വിലയിരുത്തിവരുകയാണ്.
യമുന എക്സ്പ്രസ് വേ, ആഗ്ര-ഡൽഹി ദേശീയ പാത എന്നിവടങ്ങൾ വഴിയുള്ള ഗതാഗതവും പോലീസ് നിരീക്ഷണത്തിലാണ് . വിവിധയിടങ്ങളിൽ ചെക്പോസ്റ്റുകൾ സ്ഥാപിച്ച് പരിശോധന നടത്തുന്നുണ്ട്. സംശയം തോന്നുന്നവരെ ചോദ്യം ചെയ്യാനാണ് പോലീസുകാർക്ക് സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശം.
ലക്നൗവിൽ നിന്നും ഇന്നലെയാണ് ഭീകരരെ ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. അൽ ഖ്വായ്ദ ഭീകരരായ മസീറുദ്ദീൻ, മിൻഹാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സ്വാതന്ത്ര്യദിനത്തിൽ വൻ ഭീകരാക്രമണം നടത്താൻ ലക്ഷ്യമിട്ടാണ് ഇരുവരും സംസ്ഥാനത്ത് എത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
Comments