കോഴിക്കോട് : സ്വർണപ്പണിക്കാരനിൽ നിന്നും പണം തട്ടിയ പ്രവർത്തകനെ സംഘടനയിൽ നിന്നും പുറത്താക്കി മുഖം രക്ഷിച്ച് ഡിവൈഎഫ്ഐ. ഡിവൈഎഫ്ഐ കല്ലാച്ചി മേഖലാ സെക്രട്ടറിയായിരുന്ന സി.കെ നിജേഷിനെയാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. നിജേഷിനെതിരെ നേരിട്ടെത്തി പരാതി നൽകിയിട്ടും പോലീസ് നടപടി സ്വീകരിക്കാത്തത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
കല്ലാച്ചി സ്വദേശി രാജേന്ദ്രനിൽ നിന്നുമാണ് നിജേഷ് ലക്ഷങ്ങൾ തട്ടിയത്. 2019 ലായിരുന്നു സംഭവം. രണ്ട് കിലോ സ്വർണം നൽകാമെന്ന് വാഗ്ദാനം ചെയ്ത് 46 ലക്ഷം രൂപയാണ് നിജേഷ് രാജേന്ദ്രനിൽ നിന്നും തട്ടിയത്.
അടുത്തിടെ പ്രവാസിയായ അഷ്റഫിനെ തട്ടിക്കൊണ്ടു പോയ കേസിൽ പോലീസ് തിരയുന്ന അഖിലിനും സംഭവത്തിൽ പങ്കുണ്ട്. ഇരുവർക്കുമെതിരെ നിരവധി തവണ പരാതി നൽകിയിട്ടും പോലീസ് നടപടി സ്വീകരിച്ചിരുന്നില്ല. ഇതേ തുടർന്ന് പണം തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് രാജേന്ദ്രൻ സിപിഎം നേതൃത്വത്തെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
മറ്റുള്ളവരിൽ നിന്നും കടംവാങ്ങിയ പണം ഉപയോഗിച്ചാണ് രാജേന്ദ്രൻ തൊഴിൽ മുന്നോട്ട് കൊണ്ടുപോയിരുന്നത്. കടക്കാരുടെ ഭീഷണിയെ തുടർന്ന് ആത്മഹത്യയുടെ വക്കിലായ രാജേന്ദ്രൻ കഴിഞ്ഞ ദിവസം പരസ്യമായി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ രൂക്ഷ വിമർശനവും പ്രതിഷേധവും ഉയർന്നിരുന്നു. ഇതേ തുടർന്നാണ് നിജേഷിനെ ഡിവൈഎഫ്ഐയിൽ നിന്നും പുറത്താക്കിയത്.
Comments