മലപ്പുറം: രാമായണത്തിൽ പ്രതീക്ഷ അർപ്പിച്ച് സിപിഐ. ഇതിന്റെ ഭാഗമായി രാമായണ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു. സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റിയാണ് പ്രഭാഷണ പരമ്പര സംഘടിപ്പിച്ചത്. രാമായണത്തിന്റെ എല്ലാ വശങ്ങളെയും കുറിച്ചുള്ള പ്രഭാഷണ പരമ്പര മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് നടത്തുന്നത്.
പാർട്ടി നേതാക്കൾ ഉൾപ്പെടെയുള്ളവരാണ് രാമായണ പരിപാടിയിൽ പ്രഭാഷണത്തിനെത്തുന്നത്. ഈ മാസം 25ന് ആരംഭിച്ച പരമ്പര നാളെ അവസാനിക്കും. രാമായണവും ഇന്ത്യൻ പ്രൈതൃകവും എന്ന പേരിലാണ് പ്രഭാഷണങ്ങൾ. മുൻ മന്ത്രി മുല്ലക്കര രത്നാകരൻ, ആലങ്കോട് ലീലാകൃഷ്ണൻ, എം.എം.സചീന്ദ്രൻ, എം.കേശവൻ നായർ, എ.പി.അഹമ്മദ് എന്നിവരും പ്രഭാഷണങ്ങൾ നടത്തി.
മനുഷ്യനും പ്രകൃതിക്കും വേണ്ടിയാണ് രാമായണം നിലകൊള്ളുന്നത്. അതിനാൽ മാർക്സിസവുമായേ രാമായണത്തിന് ബന്ധമുള്ളൂവെന്ന് ‘രാമായണത്തിലെ രാഷ്ട്രീയം’ എന്ന വിഷയത്തെ കുറിച്ച് പ്രഭാഷണം നടത്തിയ അഡ്വ. എം. കേശവൻനായർ പറഞ്ഞു. എഴുത്തിന്റെ രാമായണം എന്ന വിഷയത്തിൽ കെ.പി.രാമനുണ്ണി ഇന്ന് പ്രഭാഷണം നടത്തും.
Comments