തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയായ മാതാവിന് കൂട്ടിരുന്ന യുവതിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ആറ്റിങ്ങൽ മടവൂർ സ്വദേശി സന്ദീപാണ് അറസ്റ്റിലായത്. ആംബുലൻസ് ഡ്രൈവറാണ് ഇയാൾ.
വെള്ളിയാഴ്ചയാണ് സന്ദീപും സുഹൃത്തും ചേർന്ന് യുവതിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്. മാനസിക വെല്ലുവിളി നേരിടുന്ന യുവതി ഭക്ഷണം വാങ്ങാനായി പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. കാറിൽ എത്തിയ സന്ദീപ് യുവതിയെ ബലം പ്രയോഗിച്ച് പിടിച്ചു കയറ്റിയ ശേഷം മറ്റൊരു സ്ഥലത്ത് എത്തി പീഡിപ്പിക്കുകയായിരുന്നു. ശേഷം ആശുപത്രിയിൽ തന്നെ ഇറക്കിവിട്ടു.
തിരിച്ചെത്തിയ യുവതിയുടെ വസ്ത്രധാരണത്തിൽ സംശയം തോന്നിയതിനെ തുടർന്ന് മറ്റ് കൂട്ടിരിപ്പുകാർ കാര്യം അന്വേഷിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
വാഹനം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് സന്ദീപിനെ പോലീസ് അറസ്റ്റ് ചെയ്തത്. സന്ദീപിന്റെ സുഹൃത്തിനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
Comments