ടോക്യോ: ഒളിംപിക്സ് ഡിസ്ക്സ് ത്രോയിൽ മെഡൽ നേടാനാകാതെ ഇന്ത്യ. ഫൈനലിൽ മത്സരിച്ച ഇന്ത്യയുടെ കമല്‍പ്രീത് കൗറിന് ആറാം സ്ഥാനമാണ് ലഭിച്ചത്. മൂന്നാം റൗണ്ടില്‍ നേടിയ 63.70 മീറ്ററാണ് ഫൈനലിലെ കമല്‍പ്രീതിന്റെ മികച്ച പ്രകടനം. ആദ്യ ശ്രമത്തില്‍ 61.62 മീറ്റര്‍ ദൂരമാണ് കമൽപ്രീത് പിന്നിട്ടത്. എന്നാൽ രണ്ടാം ശ്രമം ഫൗളായി മാറി.
ആദ്യ ശ്രമത്തില്‍ തന്നെ 68.98 മീറ്റര്‍ ദൂരം താണ്ടിയ അമേരിക്കയുടെ വലാറൈ ഓള്‍മാനാണ് സ്വര്‍ണം നേടിയത്. 66.86 മീറ്റര്‍ ദൂരം പിന്നിട്ട ജര്‍മനിയുടെ ക്രിസ്റ്റിന്‍ പുഡെന്‍സ് വെള്ളിയും 65.72 മീറ്റര്‍ ദൂരം എറിഞ്ഞ ക്യൂബയുടെ യൈമെ പെരസ് വെങ്കലവും നേടി. നിലവിലെ ഒളിംപിക് ചാമ്പ്യനായ സാന്ദ്ര പെര്‍ക്കോവിച്ചിനും മെഡല്‍ നേടാനായില്ല. നാലാം സ്ഥാനത്താണ് താരം മത്സരം അവസാനിപ്പിച്ചത്.















