ലണ്ടൻ: 90 പൈസയ്ക്ക് വാങ്ങിയ സ്പൂൺ ലേലത്തിൽ വിറ്റത് രണ്ട് ലക്ഷം രൂപയ്ക്ക്. ലണ്ടൻ സ്ട്രീറ്റിലെ പഴയ സാധനങ്ങൾ വിൽക്കുന്ന കച്ചവടക്കാരനിൽ നിന്നും വാങ്ങിയ സ്പൂൺ ആണ് വലിയ വിലയ്ക്ക് ലേലത്തിൽ പോയത്. 90 പൈസയ്ക്കാണ് സ്പൂണുകൾ അടങ്ങിയ സെറ്റ് വാങ്ങിയത്. എന്നാൽ വീട്ടിലെത്തി പരിശോധിച്ചപ്പോൾ ഒരു സ്പൂൺ ചുളുങ്ങി ഉപയോഗിക്കാനാവാത്ത നിലയിൽ കണ്ടെത്തി.
ഏറെ കാലപ്പഴക്കമുള്ളതാണ് ഇതെന്ന് ശ്രദ്ധയിൽപ്പെട്ടതോടെ യുവാവ് ഇതിനെ പറ്റി കൂടുതൽ അന്വേഷിച്ച് ഇറങ്ങുകയായിരുന്നു. തുടർന്ന് അദ്ദേഹം സോമർസെറ്റിലുള്ള ലോറൻസസ് ഓക്ഷൻസ് എന്ന ലേല സ്ഥാപനത്തെ സമീപിച്ചു. ലോറൻസസ് ഓക്ഷൻസ് സ്പൂണിന്റെ പ്രത്യേകതകൾ അറിയാനായി വെള്ളി വസ്തുക്കളുടെ വിദഗ്ധരെ കാണുകയും ചെയ്തു.
വെള്ളി വസ്തുക്കളുടെ വിദഗ്ധനായ അലക്സ് ബച്ചറിനാണ് സ്പൂണിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുന്നത്. 13-ാം നൂറ്റാണ്ടിൽ വെള്ളിയിൽ നിർമ്മിച്ച സ്പൂണായിരുന്നു ഇത്. അഞ്ച് ഇഞ്ച് വലിപ്പാണ് വലിപ്പമാണ് സ്പൂണിന് ഉണ്ടായിരുന്നത്. സ്പൂണിന്റെ പ്രത്യേകത മനസ്സിലായതോടെ 51,712 രൂപ വിലയിട്ട് സ്പൂൺ പ്രദർശിപ്പിച്ചു.
നൂറ്റാണ്ടുകൾ പഴക്കമുള്ള സ്പൂൺ ആയതിനാൽ വിചാരിച്ചതിലും അധികം ആവശ്യക്കാർ ഇതിനുണ്ടായിരുന്നു. സ്പൂണിന്റെ പഴക്കവും ആകൃതിയുമാണ് പലരിലും ഇത് വാങ്ങാൻ ആഗ്രഹം ജനിപ്പിച്ചത്. ഒടുവിൽ രണ്ട് ലക്ഷം രൂപയ്ക്കാണ് സ്പൂണിന്റെ വിൽപ്പന നടന്നത്.
Comments