ബാഴ്സലോണ: കരാർ പുതുക്കാത്തതിനെ തുടർന്ന് സൂപ്പർ താരം ലയണൽ മെസിയും എഫ്സി ബാഴ്സലോണയും വഴിപിരിഞ്ഞു. 21 വർഷം നീണ്ട കരിയറിന് ശേഷമാണ് മെസി ബാഴ്സയിൽ നിന്ന് പടിയിറങ്ങുന്നത്. ഏറെ നാളായി മെസിയുടെ ക്ലബ് മാറ്റം സജീവ ചർച്ചയായിരുന്നെങ്കിലും ഇങ്ങനെയൊരു വഴിപിരിയൽ ആരാധകർ സ്വപ്നം കണ്ടിരുന്നില്ല. അപ്രതീക്ഷിതമായി ബാഴ്സ തന്നെയാണ് തങ്ങളുടെ സാമൂഹിക മാദ്ധ്യമങ്ങൾ വഴി വാർത്ത അറിയിച്ചത്.
സാമ്പത്തികവും സാങ്കേതികവുമായ തടസ്സങ്ങള്‍ കാരണം കരാര്‍ പുതുക്കാന്‍ കഴിയാത്തതിനാല്‍ ലയണല്‍ മെസി ക്ലബ് വിടുകയാണെന്നായിരുന്നു ക്ലബ്ബ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. ബാഴ്സലോണയുടെ പുരോഗതിയില്‍ മെസി നല്‍കിയ സംഭാവനയ്‌ക്ക് ഹൃദയത്തില്‍ നിന്ന് നന്ദി അറിയിക്കുന്നതായും ഭാവിയില്‍ എല്ലാ ആശംസകളും നേരുന്നതായും വാര്‍ത്താക്കുറിപ്പില്‍ ക്ലബ് വ്യക്തമാക്കി.
2000 സെപ്റ്റംബറിൽ തന്‍റെ പതിമൂന്നാം വയസിലാണ് മെസി ബാഴ്സയിലെത്തുന്നത്. തുടർന്നിങ്ങോട്ടുള്ള 21 വർഷങ്ങളും താരം ബോഴ്സയ്‌ക്ക് വേണ്ടി മാത്രമാണ് ബൂട്ടണിഞ്ഞത്. കഴിഞ്ഞ സീസണൊടുവില്‍ ബാഴ്സ വിടാനൊരുങ്ങിയ മെസിയെ കരാറിലെ സാങ്കേതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഒരു സീസണ്‍ കൂടി ക്ലബ്ബില്‍ നിലനിര്‍ത്തുകയായിരുന്നു ബാഴ്സ. എന്നാൽ സീസൺ അവസാനിച്ചതോടെ മെസി ഫ്രീ ഏജന്റാവുകയായിരുന്നു. തന്റെ കരിയറിൽ ആദ്യമായായിരുന്നു മെസി ഫ്രീ ഏജന്റായി മാറുന്നത്.















