സാധനങ്ങള്‍ വാങ്ങുമ്പോള്‍ പണത്തിന് പകരം അവരവരുടെ കയ്യിലുള്ള സാധനങ്ങള്‍ തന്നെ നല്‍കുന്ന ബാര്‍ട്ടര്‍ സമ്പ്രദായം വീണ്ടും കൊണ്ട് വരികയാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട . ‘ടൊയോട്ട ബാർട്ടർ’ എന്നറിയപ്പെടുന്ന ഈ പുതിയ സംവിധാനം ബ്രസീലിയന്‍ വിപണിയിലാണ് നിലവില്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത് . ഇവിടെ കാറിന് പകരമായി നൽകേണ്ടത് കാർഷിക വിളകളാണെന്ന് മാത്രം .ഓഗസ്റ്റ് 4 നാണ് കമ്പനി ഇത്തരമൊരു ഓഫർ പ്രഖ്യാപിച്ചത് .
ടൊയോട്ട എസ്.ഡബ്ല്യു 4 (ഇന്ത്യയിലെ ഫോർച്യൂണർ), ഹൈലക്സ് പിക്കപ്പ് ട്രക്ക്, കൊറോള ക്രോസ് എസ്‌യുവി എന്നിവയാണ് ബാർട്ടർ സംവിധാനംവഴി വാങ്ങാനാവുക. വാഹനങ്ങൾ വാങ്ങുമ്പോള്‍ പണത്തിന് പകരമായി സോയാബീനും ചോളവും കൈമാറിയാല്‍ മതി.
നല്‍കുന്ന ധാന്യങ്ങളുടെ വിപണിമൂല്യം കണക്കാക്കി കമ്പനി വില നിശ്‍ചയിക്കും. ഈ ധാന്യങ്ങളുടെ ഗുണനിലവാരവും കമ്പനി ഉറപ്പുവരുത്തും . തുടക്കത്തിൽ ബ്രസീലിലെ ബഹിയ, മാറ്റോ ഗ്രോസോ, ഗോയിസ്, മിനാസ് ജെറൈസ്, പിയൗസ്, ടോകാന്റിൻസ് എന്നിവിടങ്ങളിലാണ് പുതിയ റീട്ടെയിൽ മോഡൽ ആദ്യം പുറത്തിറക്കിയത്. പരാന, സാവോ പോളോ, മാറ്റോ ഗ്രോസോ ദോ സുൽ തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവർക്കും വാങ്ങുന്നവർക്കും ഈ പദ്ധതി പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്
ബ്രസീലിലെ കാർഷിക മേഖലയെ ലക്ഷ്യമിട്ടാണ് ഇത്തരമൊരു ഓഫർ കമ്പനി കൊണ്ടു വന്നത് .2019 ൽ ടൊയോട്ട ബാർട്ടർ ഒരു പൈലറ്റ് പ്രോജക്റ്റായി ആരംഭിച്ചത് . കാർ വാങ്ങാൻ ധാന്യം സ്വീകരിക്കുന്ന ബ്രസീലിലെ ആദ്യത്തെ സെയിൽസ് ചാനലാണിതെന്ന് ടൊയോട്ട ബ്രസീലിന്റെ ഡയറക്ട് സെയിൽസ് മാനേജർ ജോസ് ലൂയിസ് റിങ്കൺ ബ്രൂണോ പറഞ്ഞു.














