കോഴിക്കോട്: ലഹരി വസ്തുക്കളുമായി യുവതി അടക്കം 8 പേർ പിടിയിൽ. കോഴിക്കോട് മാവൂർ റോഡിലുള്ള ഹോട്ടൽ മുറിയിൽ നിന്നാണ് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന.
നടക്കാവ് പോലീസും ഡാൻസാഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സംഘം വലയിലാകുന്നത്. 500 ഗ്രാം ഹാഷിഷ് ഓയിലും ആറ് ഗ്രാം എം. ഡി. എം. എയും റെയ്ഡിൽ കണ്ടെടുത്തു. വിപണിയിൽ രണ്ട് ലക്ഷം രൂപ വിലവരുന്നതാണ് പിടിച്ചെടുത്ത ലഹരി മരുന്നുകളെന്ന് പോലീസ് അറിയിച്ചു.
ദിവസങ്ങളായി സംഘം ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചു വരികയായിരുന്നു. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശിയായ അർഷാദ് ആണ് മുറിയെടുത്തത്. ഇയാളെയും പോലീസ് പിടികൂടിയിട്ടുണ്ട്. സമാനമായ കേസുകളിൽ ഇയാൾ പ്രതിയാണ്. നിരവധി തവണ മയക്കുമരുന്നുമായി പിടിയിലായിട്ടുണ്ട്. വാഗമൺ അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നടക്കുന്ന ഡി ജെ പാർട്ടികളിൽ ഇയാൾ ലഹരി മരുന്നുകൾ എത്തിക്കാറുണ്ട്.
പിടിയിലായവർക്ക് അന്തർസംസ്ഥാന ബന്ധമുണ്ടെന്ന് സംശയിക്കുന്നു. ഉന്നത പൊലീസ്-എക്‌സൈസ് സംഘം പിടിയിലായവരെ ചോദ്യം ചെയ്യുകയാണ്. കസ്റ്റഡിയിലുള്ളവരെല്ലാം കോഴിക്കോട് സ്വദേശികളാണ്. ഇവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കേണ്ടതിനാൽ പേരുകൾ വെളിപ്പെടുത്താൻ പൊലീസ് തയ്യാറായിട്ടില്ല.
















Comments