ബെയ്ജിംഗ് : “നിയമവിരുദ്ധമായ ഉള്ളടക്കം” ഉണ്ടെന്ന കാരണം കാട്ടി കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന് വിരുദ്ധമായ ഗാനങ്ങൾ നിരോധിക്കാൻ ചൈന . ദേശീയ ഐക്യത്തിനോ പരമാധികാരത്തിനോ പ്രദേശിക സമഗ്രതയ്ക്കോ എതിരായ കരോക്കേ ഗാനങ്ങളാണ് നിരോധിക്കുന്നതെന്ന് സാംസ്കാരിക ടൂറിസം മന്ത്രാലയം പ്രസ്താവിച്ചു .
കരോക്കെ ഗാനങ്ങൾക്ക് വേദി നൽകുന്നവർ പാട്ടുകൾ അവലോകനം ചെയ്യണമെന്നും , ഗാനങ്ങളിൽ ‘ നിയമവിരുദ്ധമായ ഉള്ളടക്കം ‘ ഉണ്ടെന്ന് കണ്ടാൽ മന്ത്രാലയത്തിലേക്ക് അറിയിക്കണമെന്നുമാണ് നിർദേശം .
നിയമങ്ങൾ ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. വംശീയ വിദ്വേഷവും വംശീയ വിവേചനവും ഉണ്ടാക്കുന്ന ഗാനങ്ങൾ , ദേശീയ സുരക്ഷയെ അപകടപ്പെടുത്തുന്നവ , അല്ലെങ്കിൽ രാജ്യത്തെ അപമാനിക്കുന്നവ, രാജ്യതാൽപ്പര്യങ്ങളെ ഹനിക്കുന്നവ , സംസ്ഥാനത്തിന്റെ മത നയങ്ങൾ ലംഘിക്കുന്നവ , അശ്ലീലം, ചൂതാട്ടം, അക്രമം, മറ്റ് ക്രിമിനൽ പ്രവർത്തനങ്ങൾ എന്നിവ പ്രചരിപ്പിക്കുന്നവ തുടങ്ങി നിരോധിക്കുന്ന ഗാനങ്ങളെ കുറിച്ചുള്ള വിശദാംശങ്ങളും ചൈന പുറത്തു വിട്ടിട്ടുണ്ട് .
ചൈനയിൽ 50,000 ത്തിലധികം കരോക്കേ വേദികൾ ഉണ്ട് . അതുകൊണ്ട് തന്നെ നിയമവിരുദ്ധമായ പാട്ടുകൾ തിരിച്ചറിയാൻ ബുദ്ധിമുട്ടാണെന്നും, ചിലർക്ക് 100,000 -ൽ അധികം ഗാനങ്ങളുടെ സംഗീത ലൈബ്രറികൾ ഉണ്ടെന്നും അതുകൊണ്ടാണ് ഉത്തരവാദിത്തം ഏറ്റെടുക്കാൻ വേദി നൽകുന്നവരെ ഏൽപ്പിക്കുന്നതെന്നുമാണ് സാംസ്ക്കാരിക മന്ത്രാലയത്തിന്റെ പ്രസ്താവന .
കരോക്കെ പാട്ടുകൾ ചൈന നിരോധിക്കുന്നത് ഇതാദ്യമായല്ല.2015 ൽ, മന്ത്രാലയം 120 ഗാനങ്ങളുടെ ഒരു കരിമ്പട്ടിക പുറത്തിറക്കിയിരുന്നു . ‘ ബെയ്ജിംഗ് ഹൂളിഗൻസ്, സൂയിസൈഡ് ഡയറി, ഡോണ്ട് വാണ്ട് ടു ഗോ ടു സ്കൂൾ ‘ എന്നിങ്ങനെ തുടങ്ങുന്ന ഗാനങ്ങളാണ് അന്ന് ചൈന നിരോധിച്ചത് . സോഷ്യൽ മീഡിയ കമ്പനികൾ സാമൂഹിക സ്ഥിരതയ്ക്കോ , കമ്മ്യൂണിസ്റ്റ് പാർട്ടിക്കോ ഭീഷണിയാണെന്ന് തോന്നുമ്പോഴാണ് ചൈന ഇത്തരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് .
Comments