യാത്ര ചെയ്യാന്‍ മാത്രമല്ല അരി വാങ്ങിക്കാന്‍ പോലും ഇപ്പോള്‍ കൊറോണ പരിശോധനാ ഫലമോ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധിതമാക്കിയിരിക്കുകയാണ്. അതു കൊണ്ടു തന്നെ ഇത് കൂടെ കൊണ്ടു നടക്കേണ്ടത് അത്യാവശ്യമായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ ഈസിയായി എങ്ങിനെ കൊറോണ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് കൊണ്ടു നടക്കാം എന്ന മാര്‍ഗം അവതരിപ്പിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് പ്രശസ്തനായ കൊമേഡിയനായ അതുല്‍ ഖത്രി.
പോകുന്ന സ്ഥലങ്ങളിലെ വിമാനത്താവളങ്ങളിലും ഹോട്ടലുകളിലും സന്ദര്‍ശിക്കുന്ന വിവിധ സ്ഥലങ്ങളിലും ഈ സര്‍ട്ടിഫിക്കറ്റുകള്‍ കാണിച്ച് മടുത്തിരിക്കുകയാണ് അതുല്‍ ഖത്രി. അതിനാല്‍, എല്ലാവര്ക്കും കാണാന്‍ പാകത്തില്‍ ഈ സര്‍ട്ടിഫിക്കറ്റുകള്‍ പ്രദര്‍ശിപ്പിക്കാന്‍ പറ്റിയ ഒരു മാര്‍ഗം പങ്കുവെയ്ക്കുകയാണ് അദ്ദേഹം.
കൊറോണ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് അച്ചടിച്ച വെള്ള ടി ഷര്‍ട്ട് ധരിച്ചു കൊണ്ടാണ് ഈ പ്രമുഖ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ ഈ അസൗകര്യം മറികടന്നത്. ദിവസങ്ങള്‍ക്കു മുമ്പേ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് അച്ചടിച്ച വെള്ള ടി ഷര്‍ട്ട് ധരിച്ച് നില്ക്കുന്ന ഒരു ചിത്രം അതുല്‍ ഖത്രി ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ‘ജോലിയും യാത്രയും പുനരാരംഭിച്ചതോടെ വിമാനത്താവളങ്ങളിലും ഹോട്ടലുകളിലുമെല്ലാം ഈ സര്‍ട്ടിഫിക്കറ്റ് കാണിച്ച് ഞാന്‍ മടുത്തിരിക്കുകയാണ് – അപ്പോഴാണ് എനിക്ക് ഈ ആശയം തോന്നിയത്’, എന്ന കുറിപ്പോടെയാണ് ഖത്രി ചിത്രം പങ്കുവെച്ചിരിക്കുന്നത്.
സ്വീകരിച്ച വാക്സിന്റെ പേരും വാക്സിന് കുത്തിവെച്ച തീയതിയും ഉള്‍പ്പെടെയുള്ള വിശദാംശങ്ങളോടൊപ്പം കൊറോണ 19 വാക്സിനേഷന്റെ അന്തിമ സര്‍ട്ടിഫിക്കറ്റ്’ എന്നും ടി ഷര്‍ട്ടില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. വളരെ പെട്ടന്നാണ് സമൂഹ മാദ്ധ്യമങ്ങളില്‍ ചിത്രം വൈറലായി മാറിയത്. ഇതിനകം ഒമ്പതിനായിരത്തിലധികം ട്വിറ്റര്‍ ഉപയോക്താക്കളാണ് ഖത്രിയുടെ ഈ ചിത്രം ലൈക്ക് ചെയ്തത്. സമാനമായ രീതിയില്‍ ആധാര്‍, പാസ്പോര്‍ട്ട് എന്നിവ പ്രിന്റ് ചെയ്യുന്നതിനെക്കുറിച്ചും ആലോചിക്കാമെന്നും ഇവ ശരീരത്തില്‍ ടാറ്റൂ ചെയ്യുന്നതാകും കൂടുതല്‍ സൗകര്യപ്രദമെന്നും, വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഈ ടി ഷര്‍ട്ട് നിര്ബന്ധിതമാക്കണമെന്നും തുടങ്ങി രസകരമായ കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്.
Comments