തിരുവനന്തപുരം : എകെജി സെന്ററിൽ ഫ്ളാഗ് കോഡ് ലംഘിച്ച് ദേശീയ പതാക ഉയർത്തിയ സംഭവത്തിൽ സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവനെതിരെ പരാതി നൽകി യുവമോർച്ച. സംഭവത്തിൽ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാദ്ധ്യയ്ക്കാണ് പരാതി നൽകിയത്. സംഭവത്തിൽ വിജയരാഘവനെതിരെ കേസ് എടുക്കണമെന്ന് യുവമോർച്ച ആവശ്യപ്പെട്ടു.
ദേശീയ പതാകയ്ക്കൊപ്പം അതേ ഉയരത്തിൽ തൊട്ടടുത്തായി പാർട്ടിപതാകകൾ പാടില്ലെന്നാണ് നിയമം. എന്നാൽ ഇന്നലെ എകെജി സെന്ററിൽ സിപിഎം കൊടിയ്ക്കൊപ്പമായിരുന്നു ദേശീയ പതാകയുടെ സ്ഥാനം. സംഭവത്തിൽ സിപിഎമ്മിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പരാതി നൽകിയിരിക്കുന്നത്.
സ്വാതന്ത്ര്യദിനത്തിൽ എ. വിജയരാഘവൻ ദേശീയ പതാകയെ അപമാനിച്ചുവെന്ന് യുവമോർച്ചയുടെ പരാതിയിൽ പറയുന്നു. നാഷണൽ ഫ്ളാഗ് കോഡിന് അനുസൃതമായല്ല പതാക ഉയർത്തിയത്. പാർട്ടി കൊടിയ്ക്ക് പ്രഥമ സ്ഥാനവും, ദേശീയ പതാകയ്ക്ക് രണ്ടാം സ്ഥാനവുമാണ് നൽകിയത്. അതിനാൽ വിജയരാഘവനെതിരെ കേസ് എടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
Comments