ലക്നൗ : സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി മസ്ജിദിനകത്ത് ത്രിവർണപതാക ഉയർത്തുന്നതിനെയും ദേശീയ ഗാനം ആലപിക്കുന്നതിനെയും എതിർത്ത ഇസ്ലാമിക പുരോഹിതനെതിരെ കേസ് എടുത്തു. ആഗ്ര ജുമാമസ്ജിദിലെ പുരോഹിതനായ ഷഹർ മുഫ്തിയ്ക്കെതിരെയാണ് കേസ് എടുത്തത്. ബിജെപി നേതാവ് അഷ്ഫാഖ് സയ്ഫിയുടെ പരാതിയിലാണ് നടപടി.
ആഗസ്റ്റ് 15 ന് ബിജെപി നേതാവ് അഷ്ഫാഖ് സയ്ഫിയും കൂട്ടരും ചേർന്ന് മസ്ജിദിൽ സ്വാതന്ത്ര്യദിന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. പരിപാടിയിൽ ദേശീയ പതാക ഉയർത്തുകയും, ദേശീയ ഗാനം ആലപിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് ഷഹർ മുഫ്തി രംഗത്ത് വന്നത്.
ദേശീയ പതാക ഉയർത്തുന്നതിനെയും, ദേശീയ ഗാനം ആലപിക്കുന്നതിനെയും എതിർത്തു കൊണ്ടുള്ള മുഫ്തിയുടെ ശബ്ദരേഖ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതേ തുടർന്നാണ് ബിജെപി നേതാവ് പോലീസിൽ പരാതി നൽകിയത്.
ക്രമസമാധാനത്തെ തകർക്കുന്നതാണ് മുഫ്തിയുടെ പരാമർശമെന്ന് അഷ്ഫാഖിന്റെ പരാതിയിൽ പറയുന്നു. സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 ബി, 505, 508 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്.
Comments