ജോജൻ സിനിമാസിന്‍റെ ബാനറില്‍ നവാഗതനായ വൈശാഖ് ജോജന്‍ കഥ, തിരക്കഥ എന്നിവ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘കൂറ’ പ്രദർശനത്തിനൊരുങ്ങുന്നു. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നീസ്ട്രീമിലൂടെ സെപ്റ്റംബർ 9 ന് ചിത്രം പ്രേക്ഷകരിലേക്കെത്തുകയാണ്. വ്യത്യസ്തമായ ടൈറ്റില്‍ കൊണ്ടുതന്നെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് കൂറ. ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു കൂറയുടെ ചിത്രീകരണം. 2019ല്‍ തന്നെ കൂറയുടെ ചിത്രീകരണം ആരംഭിച്ചതാണ്. പ്രളയവും കൊറോണയുമെല്ലാം സിനിമയുടെ ചിത്രീകരണത്തിന് തടസ്സമായി. കേരളത്തിലെ ഒന്നാം ലോക്ക്ഡൗണിന് മുമ്പ് തന്നെ സിനിമയുടെ എഴുപത് ശതമാനം ജോലികളും അവസാനിച്ചതാണ്. എന്നാല്‍ ഒരു വര്‍ഷം നീണ്ട കൊറോണ കാലം സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാക്കി. ഇതിനിടയില്‍ തീയേറ്റര്‍ റിലീസ് എന്ന സ്വപ്നം പൊലിഞ്ഞെങ്കിലും വിട്ടുവീഴ്ചകളില്ലാതെ ഒടിടി പ്ലാറ്റ്ഫോമിലൂടെ സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു വൈശാഖ് ജോജനും കൂട്ടരും.
ചെന്നൈയിലെ ഒരു ക്യാമ്പസ് പശ്ചാത്തലമാക്കി കഥ പറയുന്ന സസ്പെന്‍സ്ത്രില്ലറാണ് കൂറ. കൂറയെ ഭക്ഷണമാക്കുന്ന ജെന്‍സി ജെയ്സണിന്‍റെ ക്യാരക്ടര്‍ ടീസര്‍ ഇതിനകം പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. മലയാളസിനിമയിലെ വ്യത്യസ്തയായ ഒരു നായികവേഷമായിരിക്കും സിസ്റ്റര്‍ ജെന്‍സി ജെയ്സണ്‍. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ജെന്‍സി ജെയ്സനെ പുതുമുഖതാരം കീർത്തി ആനന്ദാണ് അവതരിപ്പിക്കുന്നത്. വാർത്തിക്കാണ് നായകവേഷത്തിലെത്തുന്നത്. നായകനും നായികയുമുള്‍പ്പെടെ മുപ്പതോളം പുതുമുഖങ്ങളെയാണ് ജോജന്‍ സിനിമാസ് കൂറയിലൂടെ അവതരിപ്പിക്കുന്നത്. പ്രശസ്ത പരിസ്ഥിതിപ്രവര്‍ത്തകനായ പ്രൊ. ശോഭീന്ദ്രന്‍ ഉള്‍പ്പെടെ ഒരുകൂട്ടം കോളേജ് അധ്യാപകര്‍ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതകൂടി ഈ ചിത്രത്തിനുണ്ട്.
ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം നിര്‍വ്വഹിക്കുന്നത് നിധിന്‍ പീതാംബരനാണ്. അരുണ്‍ കൂത്താടത്താണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. കലാസംവിധാനം അതുല്‍ സദാനന്ദൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജനുലാല്‍ തയ്യില്‍, അസോസിയേറ്റ് ഡയറക്ടര്‍ റാനിഷ് , അസിസ്റ്റന്‍റ് ഡയറക്ടര്‍ അക്ഷയ്കുമാര്‍, ഡിജിറ്റൽ ഹെഡ് നിപുൺ ഗണേഷ്.















