ന്യൂഡൽഹി: അഫ്ഗാനിസ്താനിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ ജന്മനാട്ടിൽ തിരികെ എത്തിക്കാനുള്ള ശ്രമം ഊർജ്ജിതമാക്കി കേന്ദ്രസർക്കാർ. ഇതിനായി പ്രത്യേക ഉന്നതതല സമിതി രൂപീകരിച്ചു. വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്ക് പുറമെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനേയും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിനേയും ഉൾപ്പെടുത്തിയാണ് ഉന്നതതല സമിതി രൂപീകരിച്ചത്.
ഇന്ത്യൻ പൗരന്മാരുടെ മടങ്ങി വരവ്, അഫ്ഗാൻ പൗരന്മാരുടെ രക്ഷാദൗത്യം എന്നിവയുടെ മേൽനോട്ടം സമിതി വഹിക്കും. അമേരിക്കയുടെ പിൻവാങ്ങലിലൂടെ അഫ്ഗാനിൽ താലിബാൻ ഭീകരരുടെ ആക്രമണം ശക്തമായതോടെയാണ് അജിത് ഡോവലിന്റെ സഹായം കൂടി വിദേശകാര്യമന്ത്രാലയം തേടിയത്. നിലവിൽ നിരവധി ഇന്ത്യൻ പൗരന്മാർ അഫ്ഗാനിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരെ തിരിച്ചറിയാനുള്ള ശ്രമം സമിതി തുടങ്ങിയിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
നേരത്തെ അമേരിക്കയുമായി ചേർന്നാണ് വിദേശകാര്യമന്ത്രാലയം രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത്. എന്നാൽ കാബൂൾ വിമാനത്താവളത്തിന്റെ കൂടി നിയന്ത്രണം താലിബാൻ ഏറ്റെടുത്തതോടെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ വിമാനം അയക്കുന്നതടക്കമുള്ള കാര്യങ്ങൾ പുതിയ സമിതി പരിശോധിക്കും. അതേസമയം അഫ്ഗാനിൽ 150ഓളം സിഖ്, ഹിന്ദു മതസ്ഥർ കൂടി ഇന്ത്യയിലേക്ക് വരാൻ താത്പര്യം പ്രകടിപ്പിച്ചതായാണ് വിവരം.
Comments