മുംബൈ: കൊറോണ പ്രതിസന്ധിയിലും കൊട്ടംതട്ടാതെ വാഹന വിപണി. ഓഗസ്റ്റ് മാസത്തിലെ ആഭ്യന്തര, അന്തർദേശീയ വാഹന വിപണിയിലെ കണക്കുകൾ പുറത്ത്. ഇന്ത്യയിൽ വാഹന വിൽപ്പന പ്രതിവർഷം 53 ശതമാനമായി ഉയർന്നു. പ്രതിമാസ അടിസ്ഥാനത്തിൽ 4 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.
ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡിന്റെ വാഹന വിൽപ്പന 51 ശതമാനമായി ഉയർന്നു. ഇതോടെ, വിൽപ്പനയിൽ മൂന്നാം സ്ഥാനത്താണ് നിർമ്മാതാക്കൾ. 57,995 വാഹനങ്ങളാണ് ടാറ്റാ ഓഗസ്റ്റിൽ വിതരണം ചെയ്തത്. 2020 ഓഗസ്റ്റിൽ 36,505 വാഹനങ്ങളായിരുന്നു ടാറ്റാ വിതരണം ചെയ്തത്.
ജിഎൻസിഎപിയുടെ സുരക്ഷാ പരിശോധനയിൽ മാരുതി സ്വിഫ്റ്റ് പരാജയപ്പെട്ടിരുന്നു. ഇതോടെ പാസഞ്ചർ വാഹന വിൽപ്പനയിലെ ഒന്നാമനായിരുന്ന മാരുതി സുസുക്കിക്ക് മുൻ വർഷത്തെ അപേക്ഷിച്ച് വിൽപ്പന ഇടിഞ്ഞു.
നെക്‌സൺ, ഹാരിയർ, സഫാരി, ടിയാഗോ, ആൾട്രോസ് എന്നിവയുൾപ്പെടെയുള്ള മോഡലുകളിലൂടെയാണ് ടാറ്റയുടെ വളർച്ച. ഒൻപത് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ഈ വർഷം ജൂലൈയിൽ പാസഞ്ചർ വാഹന മേഖലയിൽ 10 ശതമാനത്തിലധികം വിപണി വിഹിതം കൈവരിക്കാൻ ടാറ്റയ്‌ക്ക് സാധിച്ചു.
ടാറ്റ മോട്ടോഴ്‌സ് പുതിയ മോഡലുകൾ പുറത്തിറക്കാനും, വിപണന ശൃംഖല വിപുലീകരിക്കാനും പദ്ധതിയിടുന്നു. എന്നാൽ സെമി കണ്ടക്ടറുകളുടെ ലഭ്യതക്കുറവു കാരണം സെപ്റ്റംബർ മാസത്തെ ഉൽപാദനം വെട്ടിക്കുറയ്‌ക്കാൻ കമ്പനി തീരുമാനിച്ചിരിക്കുകയാണ്.
ഓഗസ്റ്റ് 3 മുതൽ ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വാഹനങ്ങളുടെ വിലയിൽ ശരാശരി 0.8 ശതമാനം വർധന വരുത്തിയിട്ടുണ്ട്.















