മിലാൻ: റോബർട്ടോ മാഞ്ചിനിയുടെ സംഘത്തിന്റെ അപരാജിതമായ കുതിപ്പ് തുടരുന്നു. ഞായറാഴ്ച നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ സ്വിസർലാന്റുമായി സമനിലയിൽ പിരിഞ്ഞതോടെ ഇറ്റലി അന്താരാഷ്ട്ര ഫുട്ബോളിൽ പുതിയ ചരിത്രം കുറിച്ചു. തുടർച്ചയായി 36 മത്സരങ്ങളിൽ തോൽക്കാതെ ലോക ഫുട്ബോളിൽ ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ് അസൂറി പട.
ക്രിസ്ത്യാനോ റൊണാൾഡോ നയിച്ച പോർച്ചുഗൽ ടീമിനോട് 2018 സെപ്തംബറിൽ യൂറോ നേഷൻസ് ലീഗ് ഗ്രൂപ്പ് മത്സരത്തിൽ തോറ്റതിനു ശേഷം ഇതുവരെ ഇറ്റാലിയൻ പട തോൽവി അറിഞ്ഞിട്ടില്ല. 1993-96 വരെ ബ്രസീലും, 2007-2009 വർഷങ്ങളിൽ സ്പെയിനും തുടർച്ചയായി 35 മത്സരങ്ങളിൽ തോൽക്കാതെ നടത്തിയ ജൈത്രയാത്രയാണ് അസൂറികൾ പഴങ്കഥയാക്കിയത്.
മാഞ്ചിനിയുടെ കീഴിൽ മുന്നേറ്റം തുടരുന്ന ടീം യൂറോകപ്പും കരസ്ഥമാക്കിയിരുന്നു. സെപ്തംബർ 9ന് ദുർബലരായ ലിത്വാനിയയുമായാണ് ഇറ്റലിയുടെ അടുത്ത കളി. ഈ മത്സരവും യൂറോപ്യൻ ജേതാക്കൾക്ക് വലിയ വെല്ലുവിളിയുണ്ടാകാൻ സാധ്യതയില്ല.
1935-39 കാലഘട്ടത്തിൽ വിറ്റോറിയോ പോസോ നയിച്ച ഇറ്റാലിയൻ ടീം തുടർച്ചയായി 30 മത്സരങ്ങൾ അപരാജിതരായി മുന്നേറിയിരുന്നു. ഈ ജൈത്രയാത്രയിൽ അസൂറികൾ 1936 ഒളിമ്പിക്സും,1938 ലോകകപ്പും നേടിയിരുന്നു. ഇറ്റലിയുടെ റെക്കോർഡിന് ഭീഷണിയായി അൾജീരിയൻ ദേശീയ ടീം പിന്നാലെയുണ്ട്. നിലവിലെ ആഫ്രിക്കൻ കപ്പ് ജേതാക്കളായ അൾജീരിയ 2018 മുതൽ 29 മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നോട്ടാണ്.
Comments