ഐക്യരാഷ്ട്രസഭയുടെ നയങ്ങളും സമീപനങ്ങളും പരിഷ്‌കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായി ഇന്ത്യൻ വിദേശ കാര്യ മന്ത്രി എസ്. ജയശങ്കർ. പഴകിയ നയതന്ത്രങ്ങൾ പുതിയ കാലത്തെ വെല്ലുവിളികളെ നേരിടാൻ ഒട്ടും പര്യാപ്തമല്ലെന്നും അടിയന്തിരമായ പൊളിച്ചെഴുത്ത് ആവശ്യമാണെന്നും ജയശങ്കർ പറഞ്ഞു.
അഫ്ഗാനിസ്ഥാൻ വിഷയത്തിൽ ഐക്യരാഷ്‌ട്ര സഭ ഇടപെട്ട രീതിയെ പരോക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു വിദേശ കാര്യ മന്ത്രിയുടെ പരാമർശം. ആഗോളവും ,ആഭ്യന്തരരവുമായ അസ്വാരസ്യങ്ങൾ പരിഹരിക്കുന്നതിനായി വേഗത്തിൽ നടപടികൾ എടുക്കണമെന്നും ജയശങ്കർ അഭിപ്രായപ്പെട്ടു.
ഓസ്ട്രേലിയൻ നാഷണൽ ഫൗണ്ടേഷന്റെ ജെ.ജി ക്രോഫോർഡ് ഒറേറ്റേഷൻ എന്ന സംവാദ പരിപാടിയിലാണ് ഇന്ത്യയുടെ നയം വിദേശകാര്യമന്ത്രി വ്യക്തമാക്കിയത്. നവ ആഗോള വെല്ലുവിളികളെ നേരിടാൻ ഐക്യരാഷ്‌ട്രസഭയുടെ നിലവിലെ നയങ്ങൾക്കാവില്ല. കാതലായതും സമഗ്രവുമായ മാറ്റം ആവശ്യമാണ്.
ഇന്തോ പസഫിക് മേഖലയിലെ ആഗോള പ്രതിസന്ധി, അഫ്ഗാനിലെ ഭരണമാറ്റവും ഭീകരതയും, കൊറോണ വ്യാപനം എന്നിവയാണ് സുപ്രധാന വിഷയങ്ങൾ. ഇവയെ ഗൗരവത്തോടെ സമീപിക്കാനും തീരുമാനം എടുക്കുന്നതിനും കൂട്ടായ്മകൾ അനിവാര്യമാണെന്നും ജയശങ്കർ പറഞ്ഞു. പസഫിക് മേഖലയിലെ വെല്ലുവിളികളും ക്വാഡ് സഖ്യത്തിന്റെ പ്രസക്തിയും ഊന്നിപ്പറഞ്ഞ് ജയശങ്കർ സംസാരിച്ചു
ഇന്ത്യ,അമേരിക്ക,ജപ്പാൻ,ഓസ്‌ട്രേലിയ എന്നീരാജ്യങ്ങൾ ചേർന്നുളള സൈനിക സഖ്യമാണ് ക്വാഡ്. പസഫിക് മേഖലയിലെ ചൈനീസ് അധിനിവേശം ചെറുക്കുന്നതിനാണ് സഖ്യം രൂപീകരിച്ചത്. ക്വാഡ് സഖ്യം കാലഘട്ടത്തിലെ അനിവാര്യ കൂട്ടായ്മയാണെന്നും അമേരിക്കയുടെ ലോകശക്തിയെന്ന സ്ഥാനത്തിനെതിരായ മത്സരം അനാവശ്യമെന്നും ജയശങ്കർ അഭിപ്രയപ്പെട്ടു. പല പ്രതിസന്ധികളുടേയും പരിഹാരത്തിന് എല്ലാ രാജ്യങ്ങളും ഒപ്പം നിൽക്കേണ്ടതിന്റെ പ്രാധാന്യവും ജയ്ശങ്കർ എടുത്തുപറഞ്ഞു. അതേ സമയം അമേരിക്കയിലെ ജനാധിപത്യ സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങൾ നിസ്സാരമായി കാണാനാകില്ലെന്നും വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി.
ജനാധിപത്യത്തിന്റെ കരുത്താണ് ക്വാഡ് സഖ്യത്തിന്റെ സവിശേഷതയെന്നും ജയശങ്കർ കൂട്ടിച്ചേർത്തു. നമ്മൾ കരുതുന്നതിലും ഭീകരമാണ് ഓരോ രംഗത്തേയും അവസ്ഥ. നശീകരണ പ്രവണതകൾ മേഖലയിൽ വർദ്ധിക്കുകയാണെന്നും ഇന്തോ-പസഫിക് മേഖല അതിനെ പ്രതിരോധിക്കുന്ന കേന്ദ്രബിന്ദുവാണെന്നും ജയശങ്കർ പറഞ്ഞു.
ആഗോള തലത്തിലെ നിലവിലെ വെല്ലുവിളികൾ നേരിടാൻ ഐക്യരാഷ്‌ട്രസഭ കൂടുതൽ പരിഷ്‌ക്കരിക്കപ്പെട്ട നിയമങ്ങളും കൂട്ടായ്മകളും ഉണ്ടാക്കണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദിയും ആവശ്യപ്പെട്ടിരുന്നു. ഐക്യരാഷ്‌ട്രസഭയുടെ 75-ാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായ ഉന്നതതല യോഗത്തിൽ രാജ്യത്തിന്റെ ഔദ്യോഗീക നിലപാടായി തന്നെയാണ് പ്രധാനമന്ത്രി ആവശ്യം ഉന്നയിച്ചത്.
ചൈന ഉയർത്തുന്ന ഭീഷണികളെ പ്രതിരോധിക്കുന്നതിന് പുതിയ തന്ത്രങ്ങൾ ആവിഷ്‌കരിക്കേണ്ടതുണ്ടെന്ന ഉത്തമ ബോധ്യത്തിലാണ് വിദേശ കാര്യമന്ത്രിയുടെ പ്രസ്താനവനയെന്ന് വ്യക്തം. അഫ്ഗാനിസ്താനിൽ ഭരണം പിടിച്ചെടുക്കുന്നതിനായി താലിബാന് സഹായങ്ങൾ നൽകിയത് ചൈനയും പാകിസ്താനുമാണെന്ന് ഇന്ത്യ സംശയിക്കുണ്ട്. ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്കുളള കേന്ദ്രമായി അഫ്ഗാനിസ്താൻ മാറും, ഇതിനെ പ്രതിരോധിക്കാനുള്ള നയതന്ത്രം ശക്തിപ്പെടുത്താനുളള ശ്രമത്തിലാണ് വിദേശ കാര്യ മന്ത്രാലയം.
Comments